ചൈനയെ തിരിച്ചടിക്കാൻ സജ്ജമായി ഇന്ത്യ; ബ്രഹ്മോസ്, നിര്‍ഭയ്, ആകാശ് മിസൈലുകൾ അതിർത്തിയിൽ

ഡൽഹി: അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാന്‍ ഇന്ത്യ പൂര്‍ണ സജ്ജം. ചൈനയുടെ ഏതു നീക്കത്തെയും പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളായ ബ്രഹ്മോസ്, നിര്‍ഭയ്, ആകാശ് മിസൈലുകളാണ് വിന്യസിച്ചിരിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമേ ഇന്ത്യ  ഈ മിസൈലുകള്‍ ഉപയോഗിക്കാറുള്ളു.

ഇന്ത്യന്‍ വ്യോമസേനയുടെ വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസാണ് കൂട്ടത്തിലെ മാരക പ്രഹര ശേഷിയുളള മിസൈൽ. ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും ആകാശത്ത് നിന്ന് കരയിലേക്കും തൊടുക്കാന്‍ ശേഷിയുളളതാണ് ബ്രഹ്മോസ്.

500 കിമീ അകലെയുളള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുളള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകളും 800 കിലോമീറ്റര്‍ ദൂരപരിധി നിഷ്പ്രയാസം താണ്ടുന്ന നിര്‍ഭയ ക്രൂയിസ് മിസൈലും അതിര്‍ത്തിയിലെത്തി. ഇവയ്‌ക്കൊപ്പമാണ് കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈലുകളും തയ്യാറാക്കിയത്. ഇവ 40 കിലോമീറ്റർ ചുറ്റളവിൽ ഏതു ശത്രുവിമാനങ്ങളും തകര്‍ക്കും.ആകാശ് മിസൈല്‍ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങള്‍ കേന്ദ്രീകരിക്കാനും ഒറ്റ സമയം 12 ലക്ഷ്യം ഭേദിക്കാനുമാകും

2000 കിലോമീറ്റര്‍ ദൂരപരിധിയുളള കരയില്‍ നിന്ന് ആകാശത്തേയ്ക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളാണ് ടിബറ്റിലും സിന്‍ജിയാംഗിലും ചൈന വിന്യസിച്ചിരിക്കുന്നത്.
ചൈനീസ് സേനകള്‍ക്കെതിരെ സിന്‍ജിയാംഗ് മേഖലകളിലും ടിബറ്റന്‍ പരിധികളിലും നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ മിസൈലുകള്‍ പര്യാപ്തമാണ്.

അതിര്‍ത്തിക്കൊപ്പം ചൈനയെ ലക്ഷ്യമാക്കി ആന്തമാനിലെ കാര്‍നിക്കോബാര്‍ സൈനിക കേന്ദ്രത്തിലും ഇന്ത്യന്‍ മിസൈലുകള്‍ ഏതു നിമിഷവും തൊടുക്കാന്‍ പാകത്തിന് സജ്ജമാണ്.

Top