ന്യൂഡൽഹി: ഇന്ത്യയുടെ റഷ്യൻ അനുഭാവത്തിൽ സംശയമില്ലങ്കിലും, അമേരിക്കയും ബ്രിട്ടണും ഉൾപ്പെടെയുള്ള സകല രാജ്യങ്ങളും ഉറ്റുനോക്കുന്നത് ഇപ്പോൾ ഇന്ത്യയിലേക്കാണ്.റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് 2 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി കഴിഞ്ഞു. പുടിനുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇന്ത്യയിൽ ലാൻഡ് ചെയ്തിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ–റൂബിൾ ഇടപാടു സംവിധാനം രൂപപ്പെടുത്തുന്നതുമാണു സന്ദർശനത്തിലെ മുഖ്യ ചർച്ചാ വിഷയങ്ങൾ.യുക്രെയ്ൻ സംഘർഷം ആരംഭിച്ചശേഷം ഇതാദ്യമാണ് ലാവ്‌റോവിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനാണു റഷ്യയുടെ നീക്കം. ലോകത്തെ തന്നെ പ്രധാന വിപണിയായ ഇന്ത്യ ഇതിനകം തന്നെ വൻതോതിലാണ് റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നത്. റൂബിളും രൂപയും തമ്മിൽ ഇടപാടും ഉറപ്പിച്ചതോടെ, അമേരിക്കൻ ചേരിയുടെ ഉപരോധത്തിന്റെ മുനയാണ് ഇന്ത്യ ഒടിച്ചിരിക്കുന്നത്.
റഷ്യയിൽ നിന്ന് എസ്–400 ട്രയംഫ് മിസൈൽ സംവിധാനവും ഇന്ത്യ വാങ്ങുന്നുണ്ട്. ആദ്യഘട്ടം എത്തി കഴിഞ്ഞു. ബാക്കി ഉള്ളത് ലഭ്യമാക്കുന്നതിനെ സംബന്ധിച്ചും ഡൽഹിയിൽ ചർച്ച നടക്കും .ഈ കരാറിൽ നിന്ന് പിന്മാറാനുള്ള അമേരിക്കൻ നിർബന്ധത്തിനും ഇന്ത്യ ഇതുവരെ വഴങ്ങിയിട്ടില്ല.
ചൈനയിൽ അഫ്ഗാനിസ്ഥാൻ സംബന്ധിച്ച യോഗം കഴിഞ്ഞാണു ലാവ്‌റോവ് ഇന്ത്യയിലേക്കു വരുന്നത്. ഇതിനു മുൻപ് പുടിനുമായി അദ്ദേഹം വീണ്ടും ആശയവിനിമയം നടത്തിയതായാണ് റിപ്പോർട്ട്.
അതേ സമയം, അമേരിക്കൻ ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഇപ്പോൾ ഇന്ത്യയിലുണ്ട്.
ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസും ഡൽഹിയിലെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള ചർച്ചയ്ക്കു ഇരുവരും ഉടൻ തന്നെ മടങ്ങും. ജർമൻ വിദേശ–സുരക്ഷാ നയ ഉപദേഷ്ടാവ് യെൻസ് പ്ലോട്നറും കഴിഞ്ഞ ദിവസം ഡൽഹിയിലുണ്ടായിരുന്നു.
ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി, ഇന്ത്യ–പസിഫിക് മേഖല യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ഗബ്രിയേൽ വിസെന്റിൻ, അമേരിക്കൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി വിക്ടോറിയ നുലാൻഡ്, ഓസ്ട്രിയ, ഗ്രീസ് വിദേശകാര്യമന്ത്രിമാർ എന്നിവരും കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഒടുവിൽ റഷ്യയിലെ ഉന്നതനും എത്തിയിരിക്കുന്നത്.
യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെ ഇന്ത്യ അപലപിച്ചില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പരസ്യമായാണ് തുറന്നടിച്ചിരുന്നത്. ഐക്യരാഷ്ട്രസംഘടനയിൽ റഷ്യൻ ആക്രമണത്തെ അപലപിച്ച പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്നതും, റഷ്യയുമായി സഹകരണം വർദ്ധിപ്പിച്ചതുമാണ് അമേരിക്കയെ ചൊടിപ്പിച്ചിരുന്നത്.
യുക്രെയ്ൻ പ്രതിസന്ധി നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി 3 തവണയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി 2 തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇക്കാര്യത്തിലെ നിലപാടും വ്യക്തമാണ്. അതാകട്ടെ സുഹൃത്തായ റഷ്യക്ക് അനുകൂലവുമാണ്. റഷ്യ – ഇന്ത്യ മന്ത്രിതല ചർച്ചയിൽ കൂടുതൽ സഹകരണത്തിനാണ് സാധ്യത ഉള്ളത്.