യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റഷ്യ

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ റഷ്യന്‍ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു. ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദേശം പോലെ റഷ്യന്‍ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യന്‍ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും എംബസി ട്വീറ്റിലൂടെ അറിയിച്ചു.

നേരത്തെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നാണ് റഷ്യ കുറ്റപ്പെടുത്തിയത്.

ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈന്‍ സൈന്യമെന്നും റഷ്യ പറഞ്ഞു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ തയാറാണെന്നും റഷ്യ അറിയിച്ചു. റഷ്യ വഴി ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

Top