ഇന്ത്യയുടെ ആദ്യ സി-295ന് സ്പെയിനിൽ പരീക്ഷണ പറക്കൽ, വ്യോമസേന 56 വിമാനങ്ങൾ വാങ്ങും

വ്യോമസേനയുടെ സി–295 വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ വിജയം. ആദ്യ വിമാനത്തിന്റെ നിർമാണവും പരീക്ഷണ പറക്കലും പൂർത്തിയാക്കിയതോടെ ഇന്ത്യയിൽ നിന്നുള്ള പൈലറ്റുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും ടീം ഉടൻ തന്നെ സ്പെയിനിലേക്ക് തിരിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ഒക്ടോബറിലായിരിക്കും പുറത്തിറക്കുക.

വിമാനങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നതിന് മുൻപ് പൈലറ്റുമാര്‍ക്ക് സിമുലേറ്റർ സംവിധാനം ഉപയോഗിച്ചാണ് പരിശീലനം നൽകുന്നത്. സ്പെയിൻ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് 56 സി–295 യാത്രാ വിമാനങ്ങൾ നിർമിച്ചു നൽകുന്നത്. നിലവിൽ വ്യോമസേനയുടെ പക്കലുള്ള ബ്രിട്ടിഷ് നിർമിത ആവ്രോ വിമാനങ്ങൾക്കു പകരമാകും ഇവ ഉപയോഗിക്കുക. 1960 മുതൽ ഇന്ത്യൻ വ്യോമസന ഉപയോഗിക്കുന്ന വിമാനമാണ് അവ്രോ. ഈ വിമാനം കാലപ്പഴക്കത്തെ തുടർന്ന് ഘട്ടം ഘട്ടമായി ഒഴിവാക്കാൻ വ്യോമസേന നേരത്തേ തീരുമാനിച്ചിരുന്നു.

ഇന്ത്യ വാങ്ങുന്ന പുതിയ വിമാനം ഉപയോഗിച്ച് സൈനികരെയും ആയുധങ്ങളും അതിവേഗം എത്തിക്കാൻ സാധിക്കും. 2021 സെപ്റ്റംബറിലാണ് സ്പെയിനുമായി ഇന്ത്യ 21,​000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചത്. 1997ൽ വികസിപ്പിച്ച വിമാനമാണിത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അഞ്ച് മുതൽ 10 ടൺ ഭാരം ഭാരം വഹിക്കാൻ ശേഷിയുള്ള സി– 295 എംഡബ്ല്യു വിമാനങ്ങളിൽനിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. .

വ്യോമസേന വാങ്ങുന്ന 56 വിമാനങ്ങളിൽ 16 എണ്ണം സ്പെയിനിലും ശേഷിക്കുന്ന 40 എണ്ണം പത്ത് വർഷത്തിനുള്ളിൽ ടാറ്റാ കൺസോർഷ്യം ഇന്ത്യയിലും നിർമിച്ചു നൽകും. സ്പെയിനു പുറമേ ഈജിപ്ത്, പോളണ്ട്, കാനഡ, ബ്രസീൽ, മെക്സിക്കോ, പോർച്ചുഗൽ എന്നിവ നിലവിൽ സി– 295 വിമാനം ഉപയോഗിക്കുന്നുണ്ട്.

ഈ വിമാനം ആദ്യത്തെ മേക്ക്-ഇൻ-ഇന്ത്യ എയ്‌റോസ്‌പേസ് പ്രോഗ്രാമിന്റെ സുപ്രധാന നേട്ടത്തെ പ്രതിനിധീകരിക്കുന്നു എന്ന് എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസിലെ മിലിട്ടറി എയർ സിസ്റ്റംസ് മേധാവി ജീൻ-ബ്രിസ് ഡുമോണ്ട് പറഞ്ഞു. അതേസമയം ആദ്യത്തെ ‘ഇന്ത്യയിൽ നിർമിച്ച’ സി-295 വിമാനം 2026-ൽ പുറത്തിറങ്ങിയേക്കും. പദ്ധതി പ്രകാരം പ്രതിവർഷം എട്ട് വിമാനങ്ങൾ എന്ന തോതിൽ മുഴുവൻ ഓർഡറുകളും 2031 ഓടെ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.

സി-295 വിമാനം എഎൻ-32-നേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നും സോവിയറ്റ് നിർമിത വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെറുതും സൗകര്യം കുറഞ്ഞതുമായി റൺവേകളിൽ പോലും ലാൻഡ് ചെയ്യാൻ കഴിയുമെന്നും വ്യോമസേന വൃത്തങ്ങൾ പറയുന്നു. അതേസമയം, യുഎഇ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന ഈ വിമാനത്തിന്റെ മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ (എംആർഒ) ഹബ്ബായി ഇന്ത്യ മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എയർബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ബിഡിന് 2015 മേയിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയിരുന്നു. എന്നാല്‍ അന്തിമ കരാര്‍ പിന്നെയും വൈകുകയായിരുന്നു. വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതില്‍ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും ഈ വിമാനമെന്നാണ് കരുതുന്നത്. പാരാ ഡ്രോപ്പിങ്ങിനായി പിന്‍ഭാഗത്ത് റാമ്പ് ഡോറും ഉണ്ട്. വ്യോമസേനയുടെ, പ്രത്യേകിച്ച് വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തന്ത്രപരമായ എയര്‍ലിഫ്റ്റ് ശേഷി വര്‍ധിപ്പിക്കാന്‍ സി–295 വഴി സാധിക്കും.

Top