വിക്ഷേപണത്തിന് തയ്യാറായി ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–3

ന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–3 ജൂലൈ 12ന് വിക്ഷേപിക്കുമെന്നുള്ള അഭ്യൂഹം ശക്തമാണ്. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽവിഎം3) റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാകും വിക്ഷേപണം. ഇതിനു മുൻപ് 2019 ൽ നടന്ന ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഉപഗ്രഹവും, വിക്രം എന്ന ലാൻഡറും അതിനുള്ളിൽ പ്രഗ്യാൻ എന്ന റോവറുമുണ്ടായിരുന്നു. വിക്രം ലാൻഡർ ലാൻഡിങ്ങിനു തൊട്ടു മുൻപായി പൊട്ടിച്ചിതറിയത് മൂലം ദൗത്യം ഭാഗികമായി വിജയമായി. ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം ബാക്കിയായി.

എന്നാൽ തിരിച്ചടിയിൽ തളരാതെ വർധിത വീര്യത്തോടെ ആ ലക്ഷ്യം മുൻനിർത്തി തന്നെയാണ് ഇസ്റോ ഇത്തവണ രംഗത്തിറങ്ങുന്നത്. ചന്ദ്രയാൻ 2ൽ നിന്നു വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ഉപഗ്രഹം ഇല്ല. ലാൻഡറും റോവറും ഉൾപ്പെടുന്നതാണ് പുതിയ ദൗത്യം. ആകെ 3900 കിലോഗ്രാമാണു ഭാരം. ലാൻഡർ ഇറക്കുകയെന്നതു തന്നെയാണ് തങ്ങൾ ഉന്നമിടുന്നതെന്ന് ഇതിലൂടെ ഇസ്റോ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറക്കുന്ന രീതിയിലായിരിക്കും ദൗത്യം. ഘടനാപരമായ പരിഷ്കാരങ്ങളോടെ കൂടുതൽ കരുത്തുറ്റ രീതിയിലാണു പുതിയ ദൗത്യത്തിലെ ലാൻഡർ വികസിപ്പിച്ചിരിക്കുന്നത്. വിക്രത്തിനേക്കാൾ കരുത്തുറ്റ കാലുകൾ ഈ ലാൻഡറിനുമുണ്ട്. വളരെ വെല്ലുവിളിയുയർത്തുന്ന ഈ ലാൻ‍ഡിങ് ദൗത്യം ചന്ദ്രയാൻ 3 സഫലീകരിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.

ചന്ദ്രന്റെ ഉപരിതലത്തിലേക്ക് തൊട്ടിറങ്ങിച്ചെല്ലുന്നവയാണ് മൂൺലാൻഡറുകൾ. അപ്പോളോ 11ൽ മനുഷ്യരെ ചന്ദ്രനിലെത്തിച്ച ലൂണാർ മൊഡ്യൂൾ, വിക്രം പോലെ പരീക്ഷണങ്ങൾക്കായിട്ടുള്ളവ തുടങ്ങി വിവിധ തരത്തിലുള്ള ലാൻഡറുകളുണ്ട്. ചന്ദ്രയാൻ 2 ദൗത്യത്തിനു മുൻപ് 33 ലാൻഡർ ദൗത്യങ്ങൾ വിവിധ ഏജൻസികൾ ചന്ദ്രനിലേക്ക് അയച്ചിട്ടുണ്ട്. അവയിൽ 16 എണ്ണം ലക്ഷ്യം കണ്ടില്ലെന്നതു സങ്കീർണതയുടെ തെളിവാണ്.

ചന്ദ്രനിലേക്കുള്ള ആദ്യ ലാൻഡർ ദൗത്യങ്ങളായ റഷ്യയുടെ ലൂണ ഇ6 ദൗത്യങ്ങളെല്ലാം ആദ്യഘട്ടങ്ങളിൽത്തന്നെ പാളിയവയാണ്. ലൂണ 5 ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിനു തൊട്ടടുത്തെത്തിയെങ്കിലും ത്രസ്റ്റർ റോക്കറ്റുകൾ പ്രവർത്തിക്കാത്തതിനാൽ ബ്രേക്കിങ് ഘട്ടം നടന്നില്ല. തുടർന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറങ്ങി നശിച്ചു. 11 ലാൻഡർ ദൗത്യങ്ങൾ പരീക്ഷിച്ചു പരാജയപ്പെട്ട ശേഷമാണ് ചന്ദ്രനിലെ ആദ്യ ലാൻഡറായ ലൂണ 9 റഷ്യയ്ക്കു വിജയിപ്പിക്കാനായത്. യുഎസ്സിന്റെ 3 ലാൻഡർ ദൗത്യങ്ങൾ പരാജയങ്ങളായിരുന്നു. 1973ൽ റഷ്യ വിട്ട ലൂണ 21നു ശേഷം 4 പതിറ്റാണ്ട് ഒരു രാജ്യവും ലാൻഡർ ദൗത്യങ്ങൾ ചന്ദ്രനിലേക്ക് അയച്ചില്ല. സങ്കീർണതയും ചെലവുമായിരുന്നു കാരണം. ഒടുവിൽ 2013ൽ ചൈന ചാങ് ഇ 3 എന്ന ലാൻഡർ ചന്ദ്രനിലിറക്കി അതിനു വിരാമമിട്ടു. തുടർന്ന്, സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ച് 2019ൽ ബെറഷീറ്റ് എന്ന ലാൻഡർ ഇസ്രയേൽ വിക്ഷേപിച്ചെങ്കിലും സോഫ്റ്റ് ലാൻഡിങ് നടന്നില്ല. ചന്ദ്രയാൻ 2ലെ വിക്രമിനെപ്പോലെതന്നെ താഴോട്ടിറക്ക ഘട്ടത്തിൽ (ഡിസന്റ് സ്റ്റേജ്) ബെറഷീറ്റുമെത്തിയിരുന്നു. എന്നാൽ അവസാനപാദത്തിൽ ബ്രേക്കിങ് ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായി. ഒരിടവേളയ്ക്കുശേഷം അവ വീണ്ടും പ്രവർത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു. ബെറഷീറ്റ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി നശിച്ചു.

ചൊവ്വ, ബുധൻ, ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ എന്നിവിടങ്ങളിൽ മനുഷ്യർ വിജയകരമായി ലാൻഡറുകൾ ഇറക്കിയിട്ടുണ്ട്. മികച്ച അന്തരീക്ഷമുള്ള ഇവിടങ്ങളിൽ എയ്റോ ബ്രേക്കിങ് എന്ന ശൈലിയിലാണു ലാൻഡറുകൾ ഇറങ്ങുന്നത്. ഗ്രഹത്തെ പലതവണ ചുറ്റുന്നതുമൂലം അന്തരീക്ഷത്തിൽ നിന്നുണ്ടാകുന്ന വിപരീത ഊർജം (ഡ്രാഗ്) മൂലം വേഗം കുറയുന്ന ശൈലിയാണിത്. പക്ഷേ കട്ടിയുള്ള അന്തരീക്ഷത്തിന്റെ അഭാവമുള്ള ചന്ദ്രനിൽ ഈ രീതി നടപ്പില്ല. ഭൂമിയിൽനിന്നു വിഭിന്നമായ പ്രതലവും വളരെ നേർത്ത അന്തരീക്ഷവുമുള്ള ചന്ദ്രനിലെ ലാൻഡിങ്ങിനെ ചന്ദ്രന്റെ ഗുരുത്വബലവും ബാധിക്കും.

കണക്കുകൂട്ടലുകളുടെയും ഗവേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ലാൻഡിങ് രൂപകൽപന ചെയ്യുന്നത്. സാങ്കേതികപരമായ എല്ലാ പഴുതുകളുമടച്ചാലും ഭാഗ്യം വളരെ വലിയൊരു ഘടകമാണ് മൂൺ ലാൻഡിങ്ങിൽ. ലാൻഡറുകളിൽ ത്രസ്റ്റർ റോക്കറ്റ് ഘടിപ്പിച്ച് ചന്ദ്രന്റെ ഗുരുത്വബലത്തിനു വിപരീതമായ ഊർജം നൽകി ബ്രേക്ക് ചെയ്താണു ചന്ദ്രനിൽ ലാൻഡറുകൾ ഇറക്കുന്നത്. ഏതു ഘട്ടത്തിലും പിഴവുകൾ വരാം. ഭൂമിയിലെ രണ്ടാഴ്ച ദൈർഘ്യമുള്ളതാണ് ചന്ദ്രനിലെ ഒരു പകൽ. ഇത് താപനിലയിൽ വ്യത്യാസം വരുത്തുന്നതിനാൽ ലാൻഡറുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കാനുള്ള സാധ്യതയും സാങ്കേതികവിദഗ്ദർക്കു പരിഗണിക്കേണ്ടിവരും.

Top