ദുബായ്: ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ റൗണ്ട് രണ്ടില്‍ ഇന്ത്യക്ക് ശക്തരായ എതിരാളികള്‍. ഗ്രൂപ്പ് എയില്‍ ഇത്തവണ ലോകകപ്പ് കളിച്ച ഖത്തര്‍, സാഫ് കപ്പില്‍ ഇന്ത്യ പരാജയപ്പെടുത്തിയ കുവൈറ്റ് പ്രിലിമിനറി റൗണ്ട് കഴിഞ്ഞെത്തുന്ന മറ്റൊരു ടീമുമായിട്ടാണ് ഇന്ത്യക്ക് കളിക്കേണ്ടിവരിക. മംഗോളിയ – അഫ്ഗാനിസ്ഥാന്‍ പ്രിലിമിനറി മത്സരത്തിലെ വിജയികളാണ് ഗ്രൂപ്പിലെത്തുക. കൂടുതല്‍ കരുത്തരായ അഫ്ഗാനിസ്ഥാന്‍ എത്താനാണ് സാധ്യത കൂടുതല്‍. അതേസമയം, ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ചൈന, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവരെയാണ് ഇന്ത്യക്ക് നേരിടേണ്ടത്. വനിതകളില്‍ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ചൈനീസ് തായ്‌പേയ്, തായ്‌ലന്‍ഡ് എന്നിവരെ ഇന്ത്യ നേരിടും.
ലോകകപ്പ് യോഗ്യതയില്‍ ഖത്തറിനെ മറികടക്കുക ഇന്ത്യക്ക് വെല്ലുവിളിയാവും. കുവൈറ്റും ശക്തരായ എതിരാളിയാണ്. 1982ല്‍ ലോകകപ്പിന് യോഗ്യത നേടാനും അവര്‍ക്ക് സാധിച്ചിരുന്നു. ഇടയ്ക്ക് ഫിഫ വിലക്ക് വന്നതാണ് റാങ്കിംഗില്‍ പിന്നില്‍ പോകാന്‍ കാരണം. ഇക്കഴിഞ്ഞ സാഫ് കപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യ, കുവൈത്തിനെ തോല്‍പ്പിച്ചിരുന്നു. ലോകകപ്പ് യോഗ്യതയിലേക്കെത്തുമ്പോള്‍ എങ്ങനെ കളിക്കുന്നമെന്നത് കണ്ടറിയണം.
ഇന്ത്യയേക്കാള്‍ മികച്ച റാങ്കുള്ള ഉസ്ബക്കിസ്ഥാന്‍, ചൈന, ജോര്‍ദാന്‍, ബഹറിന്‍ തുടങ്ങിയ ടീമുകളാണ് പോട്ട് രണ്ടില്‍ വന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ഗ്രൂപ്പില്‍ ഇന്ത്യക്ക് ഉള്‍പ്പെടേണ്ടി വന്നില്ല. കഴിഞ്ഞ ആറുമാസത്തെ തുടര്‍ജയങ്ങളാണ് ഇന്ത്യയെ പോട്ട് രണ്ടിലെത്താന്‍ സഹായിച്ചത്. ഇന്ത്യയ്ക്ക് ഈ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി മൂന്നാം റൗണ്ടിലേക്ക് കടക്കാനുള്ള വലിയ സാധ്യതകളുണ്ട്. രണ്ടാം റൗണ്ടില്‍ നിന്നും മുന്നേറുന്ന 18 ടീമുകളാണ് ലോകകപ്പ് യോഗ്യതയ്ക്കായി ഏറ്റുമുട്ടുന്നത്. ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം.