ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യമായാണ് ഇനി മാറാൻ പോകുന്നത്. 2023 പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് റിപ്പോർട്ട്. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരും. ഈ സമയം ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതോടെ ചൈനയേക്കാൾ 29 ലക്ഷം ജനങ്ങൾ ഇന്ത്യയിൽ കൂടുതലായിരിക്കും.
കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുത്തനെയാണ് കുറഞ്ഞിരുന്നത്. ജൂണിൽ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും ഈ റിപ്പോർട്ട് പറയുന്നുണ്ട്. 2011 മുതൽ സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ഔദ്യോഗിക വിവരം നിലവിൽ ലഭ്യമല്ല. ഇന്ത്യയുടെ സെൻസസ് 2021-ൽ ആയിരുന്നു നടക്കേണ്ടതായിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം കാരണം അതും വൈകുകയാണ് ഉണ്ടായത്. കൊവിഡിന് ശേഷം ജനസംഖ്യാ സെൻസസ് എപ്പോൾ നടക്കുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും 1950- മുതൽ ഇന്ത്യയിലെ ജനസംഖ്യ ഏകദേശം ഒരു ബില്യണിലധികം വർധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരുന്ന സാഹചര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ കരുത്തും വർദ്ധിക്കും. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തിന്റെ നിലപാടുകൾക്ക് അന്താരാഷ്ട്ര വേദികളിലും പ്രാധാന്യം ഏറും. സൈനിക – സാമ്പത്തിക മേഖലകളിലും ഇന്ത്യ ഇപ്പോൾ വലിയ കുതിപ്പാണ് നടത്തി കൊണ്ടിരിക്കുന്നത്. ലോകത്തെ ഏത് രാജ്യത്തിന് മുന്നിലും തല ഉയർത്തി നിൽക്കാൻ പറ്റുന്ന കരുത്താണ് രാജ്യം ആർജ്ജിച്ചിരിക്കുന്നത്.
മുസ്ലീം ജനസംഖ്യയിൽ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാൽ അടുത്ത മുക്കാല്‍ നൂറ്റാണ്ടിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ പിഇഡബ്ല്യു റിസര്‍ച്ച് വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. മറ്റു മതങ്ങളെ അപേക്ഷിച്ച് 30 വയസില്‍ കുറവുള്ളവരുടെ എണ്ണം കൂടുതലാണെന്നതാണ് ജനസംഖ്യയില്‍ വര്‍ധനയുണ്ടാവാന്‍ കാരണമായി പിഇഡബ്ല്യൂ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ക്രിസ്ത്യന്‍ മതമാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ മതം. അതുകഴിഞ്ഞ് രണ്ടാം സ്ഥാനത്തുള്ള ഇസ്ലാം മതമാകട്ടെ അതിവേഗം വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുകയുമാണ്. നിലവിലുള്ള ജനസംഖ്യാപരമായ അന്തരീക്ഷം തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്രിസ്ത്യന്‍ മതസ്ഥരേക്കാള്‍ കൂടുതല്‍ ആളുകള്‍ മുസ്ലിം മതത്തിലുണ്ടാകുമെന്നും അമേരിക്കൻ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും ലോകത്തുള്ള മുസ്ലിം മതസ്ഥരുടെ എണ്ണത്തില്‍ 73 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് മൊത്തത്തിലുള്ള ജനസംഖ്യാ വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വേഗത്തില്‍ മുസ്ലിം മതം വളരുമെന്നും പിഇഡബ്ല്യൂയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം മുസ്ലിംങ്ങൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണ് ഇന്ത്യയെന്ന വാദത്തെ കണക്കുകൾ നിരത്തി ബി.ജെ.പിയും കേന്ദ്ര സർക്കാറും തള്ളിക്കളഞ്ഞിട്ടുണ്ട്. 1947ന് സ്വാതന്ത്യം കിട്ടിയതിനു ശേഷം രാജ്യത്തെ മുസ്ലിം ജനസംഖ്യ ഉയര്‍ന്നുവെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കില്‍ എങ്ങിനെയാണ് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് എന്നുമാണ് ബി.ജെ.പി നേതൃത്വം ചോദിക്കുന്നത്. ഇന്ത്യയില്‍ നേരിട്ട് വന്ന് മനസിലാക്കാതെ സംസാരിക്കുന്നവരാണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ നിലപാട്. ഇക്കാര്യത്തിൽ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാതെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നവരുടെ നിഗമനങ്ങള്‍ ശ്രദ്ധിക്കരുതെന്നും ഇന്ത്യയില്‍നേരിട്ടെത്തി ബോധ്യപ്പെടണമെന്നുമാണ് അമേരിക്കയിലെ ഒരു സെമിനാറിൽ അവർ തുറന്നടിച്ചിരുന്നത്.
പാക്കിസ്താനില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളാവുകയാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി അവിടെ ആളുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണെന്നും തുറന്നു പറയുകയുണ്ടായി. പാക്കിസ്ഥാനിലെ മതനിന്ദ നിയമങ്ങള്‍ മിക്കകേസുകളിലും വ്യക്തിപരമായ പ്രതികാരം നിറവേറ്റാന്‍ ഉപയോഗിക്കുന്നതായും നിർമ്മല സീതാരാമൻ ആരോപിക്കുകയുണ്ടായി. യൂറോപ്പിലെയും പാശ്ചാത്യ ലോകത്തെയും മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ലമെന്റ് നേതാക്കള്‍ക്ക് പദവി നഷ്ടപ്പെടുന്നതായും മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നതായും വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരഭിപ്രായ പ്രകടനം കേന്ദ്രമന്ത്രി നടത്തിയിരുന്നത്.
ഇത്തരം പ്രചരണങ്ങൾ ഇന്ത്യയിലെ മൂലധന പ്രവാഹത്തെയും നിക്ഷേപത്തെയും ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് “നിക്ഷേപകര്‍ ഇന്ത്യയിലേക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു” മന്ത്രിയുടെ മറുപടി. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരോട് ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തി ഇവിടുത്തെ സ്ഥിതി നേരിട്ട് മനസ്സിലാക്കാനായിരുന്നു അവർ ആവശ്യപ്പെട്ടിരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വ്യാജ പ്രചരണങ്ങൾക്ക് ലഭിക്കുന്ന വേദികളിൽ കൃത്യമായി മറുപടി പറയണമെന്ന സർക്കാർ നയം തന്നെയാണ് അമേരിക്കയിലും നിർമ്മലാ സീതാരാമൻ നടപ്പാക്കിയിരിക്കുന്നത്.
EXPRESS KERALA VIEW