റിയാദ്: കൊവിഡ് സാഹചര്യത്തിലും സൗദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം റെക്കോര്‍ഡ് നിരക്കിലേക്കുയര്‍ന്നു. ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി സൗദി മാറിയതായും ഇന്ത്യന്‍ എംബസി അറിയിച്ചു.
ആദ്യ പകുതിയില്‍, 14.87 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് സൗദിയും ഇന്ത്യയും നടത്തിയത്. ഇതോടെ സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ മാറിക്കഴിഞ്ഞു. 3.3 ബില്യണ്‍ ഡോളറായി സൗദിയുടെ ഇന്ത്യയിലെ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള പൊതുനിക്ഷേപ ഫണ്ടാണ് പുതിയ നിക്ഷേപങ്ങള്‍ നടത്തിയത്.
സൗദിയിലെ വന്‍കിട പദ്ധതികളായ നിയോം, ഖിദ്ദിയ്യ, ചെങ്കടല്‍ പദ്ധതി, അമാല എന്നിവയില്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപത്തിന് എത്തുമെന്നും എംബസി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ സന്ദര്‍ശനം ഉന്നതതല കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി. 30 ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളുള്ള സൗദിയിലേക്ക് വിമാന സര്‍വീസ് തുറക്കണമന്ന പ്രവാസികളുടെ ആവശ്യവും യോഗത്തില്‍ വന്നിരുന്നു.