24 മണിക്കൂറിനിടെ 1429 കോവിഡ് കേസുകള്‍; 57മരണം, ആശങ്ക ഒഴിയാതെ !

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 57 കോവിഡ് മരണങ്ങളും 1429 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 24, 506 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 18, 668 പേരാണ് ചികിത്സയിലുളളത്. 5063 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ തൊട്ടടുത്തദിവസമായ മാര്‍ച്ച് 25വരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 606 കേസുകളായിരുന്നു. പത്ത് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കണക്ക് അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ലോക്ക് ഡൗണിനു ശേഷം ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞുവെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ വ്യക്തമാക്കി.

മൂന്ന് ദിവസം കൂടുമ്പോള്‍ ഇരട്ടി കേസുകള്‍ എന്ന നിലയിലായിരുന്നു ഇന്ത്യയിലെ സ്ഥിതി, എന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ആദ്യഘട്ടത്തില്‍തന്നെ ഇത് അഞ്ച് ദിവസം എന്ന നിലയിലേക്ക് മാറി. ഇപ്പോള്‍ 9 ദിവസം എന്ന നിലയിലാണ് ഇരട്ടി എണ്ണം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ക് ഡൗണ്‍ ഫലപ്രദമാണെന്നും മെയ് രണ്ടാം വാരത്തോടെ മികച്ച ഫലം നമുക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top