ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിച്ച രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ട്രൂ കോളര്‍. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബ്രസീലാണ്. ട്രൂ കോളറിന്റെ 2018 വാര്‍ഷിക റിപ്പോര്‍ട്ടാണ് കണക്കുവിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ വര്‍ഷം ലഭിച്ച ഫോണ്‍ കോളുകളില്‍ ആറ് ശതമാനത്തിലധികം കോളുകളും സ്പാം കോളുകളായിരുന്നുവെന്നാണ് പറയുന്നത്.

ഒരു മാസം ശരാശരി 22.3 ശതമാനം സ്പാം കോളുകളാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 ശതമാനം കുറവാണിത്. ഇന്ത്യയില്‍ സ്പാം കോളുകളില്‍ 91 ശതമാനവും ടെലികോം സേവനദാതാക്കളുടേത് തന്നെയാണ്. അതേസമയം ഉപയോക്താക്കള്‍ക്ക് ലഭിച്ച തട്ടിപ്പു കോളുകള്‍ വെറും ഏഴ് ശതമാനവും ടെലിമാര്‍ക്കറ്റിങ് കോളുകള്‍ കേവലം രണ്ട് ശതമാനവും മാത്രമേയുള്ളൂ. 2017ല്‍ ഏറ്റവുമധികം സ്പാം കോളുകള്‍ ലഭിച്ച രാജ്യം ഇന്ത്യയായിരുന്നുവെന്നായിരുന്നു ട്രൂ കോളര്‍ വ്യക്തമാക്കിയിരുന്നത്.

ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലില്‍ ശരാശരി ഒരു മാസം 37.5 ശതമാനം സ്പാം കോളുകളാണ് ലഭിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 81 ശതമാനം അധികമാണ്. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കോളുകളാണ് ബ്രസീലിനെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്ന് ട്രൂകോളര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ ആദ്യ അഞ്ചില്‍ ഉള്ള മറ്റ് രാജ്യങ്ങള്‍ ചിലി, ദക്ഷിണ ആഫ്രിക്ക, മെക്‌സിക്കോ എന്നിവയാണ്.

Top