ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ മൂന്ന് മെഡലുകളുറപ്പിച്ച് ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം അമ്പെയ്ത്തില്‍ മൂന്ന് മെഡലുകളുറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഓജസ് പ്രവീണും അഭിഷേക് വര്‍മ്മയും ഫൈനലിലെത്തി. ഇതോടെ അമ്പെയ്ത്തില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ ഉറപ്പിച്ചു. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തിയിട്ടുണ്ട്. സെമിയില്‍ ഇന്ത്യയുടെ തന്നെ അതിഥി സ്വാമിയെ പരാജയപ്പെടുത്തിയാണ് ജ്യോതി ഫൈനലിലെത്തിയത്. അതിഥി ഇനി വെങ്കലത്തിന് വേണ്ടി മത്സരിക്കും.

ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇരുവരെ ഒരു മെഡലാണ് ഇന്ത്യ നേടിയത്. പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍സിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയത്. ഇതോടെ 61 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. 13 സ്വര്‍ണം, 24 വെള്ളിയും 24 വെങ്കലവുമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.

അതേസമയം വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ കടന്നു. പൂള്‍ എയിലെ മത്സരത്തില്‍ ഹോങ്കോങ്ങിനെ എതിരില്ലാത്ത 13 ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. പുരുഷ ക്രിക്കറ്റിലും ഇന്ത്യ സെമിയിലെത്തിയിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെ 23 റണ്‍സുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം. കബഡിയിലും ഇന്ത്യ വിജയം സ്വന്തമാക്കി. ബംഗ്ലാദേശിനെ 55-18 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

 

Top