ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ 14ാം മെഡല്‍ ഉറപ്പിച്ചു

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ 14ാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എല്‍ 3 വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ ദയ്‌സുകി ഫുജിഹരയെ കീഴടക്കിയാണ് പ്രമോദ് ഫൈനലിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 21-11, 21-16

ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ബെതെല്‍ ആണ് പ്രമോദിന്റെ എതിരാളി. സെമിയില്‍ ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. മനോജ് വെങ്കല മെഡലിനായി മത്സരിക്കും.

ഈ വിഭാഗത്തില്‍ പ്രമോദാണ് ലോക ഒന്നാം നമ്പര്‍ താരം. ബെതെല്‍ ലോക രണ്ടാം നമ്പര്‍ താരമാണ്. ഒഡിഷ സ്വദേശിയായ പ്രമോദ് ചെറുപ്പത്തില്‍ തന്നെ പോളിയോ ബാധിതനായി, ഇടത്തേ കാലിന്റെ സ്വാധീനം കുറഞ്ഞു. താരം മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുണ്ട്.

Top