യുക്രൈയിനില്‍ വ്യോമഗതാഗതം നിലച്ചതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ബദല്‍ മാര്‍ഗ്ഗം തേടി ഇന്ത്യ

ന്യൂഡല്‍ഹി: യുക്രൈയിനില്‍ വ്യോമഗതാഗതം നിലച്ചതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ബദല്‍ മാര്‍ഗ്ഗം തേടി ഇന്ത്യ. അടുത്തുള്ള രാജ്യങ്ങളിലേക്ക് വ്യോമസേന വിമാനങ്ങള്‍ അയച്ച് ഒഴിപ്പിക്കലിനാണ് ആലോചന. ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തേണ്ടി വരും എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നല്കുന്നത്.

ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഉള്ളതില്‍ എത്ര പേര്‍ മടങ്ങിയെത്തി എന്ന് കണക്കില്ല. ബാക്കിയുള്ളവരെ ഇനി യുക്രൈനില്‍ വിമാനം എത്തിച്ച് മടക്കിക്കൊണ്ടുവരാനാകില്ല. ഇന്ത്യക്കാര്‍ താമസസ്ഥലങ്ങളില്‍ തുടരണം എന്ന നിര്‍ദ്ദേശമാണ് ഇന്ന് ആദ്യം എംബസി നല്കിയത്. കീവിലേക്ക് യാത്ര ചെയ്യുന്നവര്‍ ഹോസ്റ്റലുകളിലേക്ക് മടങ്ങണം.

കീവില്‍ വഴിയില്‍ കുടുങ്ങിയവര്‍ ഉണ്ടെങ്കില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ബോംബ് ഷെല്‍ട്ടറുകളിലേക്ക് പോകണം എന്നും എംബസി ഉപദേശിക്കുന്നു. സ്ഥിതി ആശങ്കാജനകമെന്ന് കീവിലെ ഇന്ത്യന്‍ അംബാസ!ഡര്‍ പാര്‍ത്ഥ സത്പതി സന്ദേശത്തില്‍ പറഞ്ഞു. സ്ഥിതി മറികടക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയാണെന്നും എംബസിയുടെ പ്രവര്‍ത്തനം തുടരുമെന്നും അംബാസഡര്‍ അറിയിച്ചു.

വ്യോമ അതിര്‍ത്തി അടച്ചതിനാല്‍ ബദല്‍മാര്‍ഗ്ഗമാണ് ഇന്ത്യ ആലോചിക്കുന്നത്. ഇന്ത്യക്കാരെ കരമാര്‍ഗ്ഗം പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ പോളണ്ട്, ഹംഗറി, സ്ലോവേകിയ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച് ഒഴിപ്പിക്കുക എന്നതാണ് ഒരു മാര്‍ഗ്ഗം. റഷ്യയുമായും ഇക്കാര്യത്തില്‍ ഇന്ത്യ സമ്പര്‍ക്കത്തിലാണ്. വ്യോമസേനയ്ക്കും ജാഗ്രത നിര്‍ദ്ദേശം സര്‍ക്കാര്‍ നല്കിയിട്ടുണ്ട്.

വിദേശകാര്യമന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ കൂടുതല്‍ പേരെ നിയോഗിച്ചു. യുക്രൈയിനടുത്തുള്ള രാജ്യങ്ങളിലെ എംബസികളിലേക്കും ഒഴിപ്പിക്കല്‍ ലക്ഷ്യമാക്കി കൂടുതല്‍ ഉദ്യോഗസ്ഥരെ അയക്കും. അഫ്ഗാനിസ്ഥാനില്‍ നടന്ന ഒഴിപ്പിക്കലിന്റെ ഇരുപത് ഇരട്ടി സര്‍വ്വീസുകള്‍ യുക്രൈയിനിലെ ഒഴിപ്പിക്കലിന് വേണ്ടി വരും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Top