ചൈനക്കെതിരായ ഇന്ത്യയുടെ ‘വ്യൂഹത്തിൽ’ മ്യാൻമറും ! ചുറ്റും വളഞ്ഞിട്ട വൻ പ്രതിരോധം

ന്യൂഡല്‍ഹി: ചൈനയുടെ വെല്ലുവിളി നേരിടാന്‍ ഇന്ത്യ തീര്‍ത്ത പത്മവ്യൂഹത്തില്‍ ഇനി മ്യാന്‍മറും.

കിഴക്കന്‍ രാജ്യങ്ങളുമായി ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി മ്യാന്‍മര്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നരേന്ദ്രമോദി മാല്‍ ദ്വീപുകള്‍ ഒഴികെ ഇന്ത്യയുടെ എല്ലാ അയല്‍ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു.

ചൈനയുമായി കടുത്ത ശത്രുതയിലുള്ള രാജ്യമാണ് മ്യാന്‍മര്‍. ചൈനയും പാക്കിസ്ഥാനും സംയുക്തമായി ഇന്ത്യയ്‌ക്കെതിരെ സേനാ നീക്കം നടത്തിയാല്‍ ഇരു രാജ്യങ്ങളേയും കടുത്ത പ്രതിരോധത്തിലാക്കാന്‍ ഇന്ത്യയുടെ ഈ പത്മവ്യൂഹത്തിന് കഴിയും.

വ്യോമമാര്‍ഗ്ഗം മാത്രമല്ല കരയില്‍ നിന്നും കടലില്‍ നിന്നും ഒരേസമയം വളഞ്ഞിട്ട് ആക്രമിക്കാനും അനിവാര്യമായ ഘട്ടങ്ങളില്‍ ഇവിടങ്ങളില്‍ സൈനിക താവളങ്ങള്‍ തുറക്കാനും ഇനി ഇന്ത്യയ്ക്ക് കഴിയും.

ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് നല്‍കിയതും ജപ്പാന്‍, ഭൂട്ടാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ നിരവധി അയല്‍രാജ്യങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതും ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്.

പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാനിലും ഇറാനിലും പോര്‍ മുഖം തുറന്നതും ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ്. ഇതിനുപുറമെ അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള ലോക വന്‍ശക്തികളുടെ പിന്തുണ കൂടിയാകുമ്പോള്‍ ഇന്ത്യയ്‌ക്കെതിരായ ഒരു സൈനിക നീക്കത്തെക്കുറിച്ച് ചൈന-പാക്ക് സഖ്യങ്ങള്‍ക്ക് ആലോചിക്കാന്‍പോലും പറ്റുന്നതല്ല.

ഇപ്പോള്‍ ചൈനയുടെ ചുറ്റും അവരുടെ ശത്രു രാജ്യങ്ങളുടെ ഒരു പത്മവ്യൂഹം തന്നെ ഇന്ത്യ സൃഷ്ടിച്ച് കഴിഞ്ഞിട്ടുണ്ട്. മ്യാന്‍മര്‍ കൂടി എത്തുന്നതോടെ വ്യൂഹം കൂടുതല്‍ ശക്തമാകും.

ദോക് ലാം വിഷയത്തില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന് താല്‍ക്കാലികമായ വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും ഭാവി വെല്ലുവിളി മുന്നില്‍ കണ്ടാണ് ഇന്ത്യ പ്രതിരോധ കവചം ശക്തമാക്കുന്നത്.

സെപ്റ്റംബര്‍ 5 മുതല്‍ 7 വരെയാണ് നരേന്ദ്ര മോദി മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 3 മുതല്‍ 5 വരെ ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷമാണ് മോദി മ്യാന്‍മാറില്‍ എത്തുന്നത്.

മ്യാന്മാര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഉഭയകക്ഷി രാജ്യമാകും ഇന്ത്യ. 2014ല്‍ കിഴക്കന്‍ ഏഷ്യാ സമ്മേളനത്തിനായി നരേന്ദ്രമോദി നാ പൈ ഡോ സന്ദര്‍ശിച്ചിരുന്നു.

ഈസ്റ്റ് ആക്ട് പോളിസിയുടെ ഭാഗമായി തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ മ്യാന്മര്‍ സന്ദര്‍ശനത്തിലൂടെ ഇന്ത്യക്ക് സാധിക്കും.
21209064_1996652603903937_674682422_n

ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സ്ട്രക്ച്ചറല്‍ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് കോര്‍പറേഷന്‍(ബിഎംഎസ്ടിഇസി) സമ്മേളനത്തിന്റെ ഭാഗമായി 2016 ഒക്ടോബറില്‍ മ്യാന്മാറിന്റെ ഐകോണിക് നേതാവും സ്റ്റേറ്റ് കൗണ്‍സിലറുമായ ഡോ.അങ് സാന്‍ സൂകി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി 2016 ആഗസ്റ്റില്‍ മ്യാന്മാര്‍ പ്രസിഡന്റ് യു ഹിന്റെ കായെയും ഇന്ത്യയില്‍ എത്തിയിരുന്നു.

ജനാധിപത്യ തിരഞ്ഞെടുപ്പിലേക്ക് മ്യാന്മാര്‍ നീങ്ങുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ഭരണത്തില്‍ സായുധസേനയുടെ മേധാവിത്വം നിലനില്‍ക്കുന്നുണ്ട്.

നേരത്തെ മ്യാന്മാര്‍ പ്രസിഡന്റ് യു ഹിന്റെ കാ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും വ്യാപാരബന്ധത്തിലും സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

സായുധസേനയിലെ ആധുനികവത്കരണത്തിന് ഉറച്ച പിന്തുണ നല്‍കുമെന്നും, മ്യാന്‍മറില്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ സന്നാഹങ്ങള്‍ക്കും പരിശീലനം നല്‍കുമെന്നും ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.

റോഹിങ്ക്യ വിഷയത്തില്‍ ഇന്ത്യ മ്യാന്‍മര്‍ സര്‍ക്കാറിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.

കുറ്റകൃത്യം ചെയ്യുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും, അതിനായി വെല്ലുവിളികള്‍ നേരിടുന്ന മ്യാന്മറിനെ ശക്തമായി പിന്തുണക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2015-16 ല്‍ 1.5 ബില്ല്യണ്‍ ഡോളറായി വളര്‍ന്നിരുന്നു. മ്യാന്‍മറിലേക്ക് കയറ്റുമതി നടത്തുന്ന ഏഴാമത്തെ വലിയ സ്രോതസ്സാണ് ഇന്ത്യ.

മ്യാന്‍മറിന്റെ വികസനത്തിനായി ഇന്ത്യ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം നല്‍കിയിട്ടുണ്ട്. മ്യാന്മാറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ആദ്യത്തെ പദ്ധതിയാണ് കാല്‍ദാന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട്. കാല്‍ദാന്‍ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന സിറ്റ്വേ ജല തുറമുഖത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്.

മ്യാന്മറില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് യു ഹിന്റെ കായെയുമായും ,സ്റ്റേറ്റ് കൗണ്‍സിലര്‍ ഡോ അങ് സാന്‍ സൂകിയുമായും ചര്‍ച്ച നടത്തും.

നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് മ്യാന്‍മറില്‍ നടക്കുന്നത്.

Top