ന്യൂഡല്‍ഹി : ഉത്തര കൊറിയയും പാകിസ്ഥാനും തമ്മിലുള്ള ആണവ സഹകരണ ബന്ധം അന്വേഷിക്കണെമെന്ന് ഇന്ത്യ.
വെള്ളിയാഴ്ച ജപ്പാനുമേല്‍ ഉത്തരകൊറിയ നടത്തിയ ആണവ ആയുധ പരീക്ഷണത്തെ അപലപിച്ചാണ് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ഈ ആവശ്യം ഉന്നയിച്ചത്.
ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങളും , ലോക രാജ്യങ്ങളുടെ സമ്മര്‍ദങ്ങളും മറികടന്നാണ് ഉത്തര കൊറിയ പ്രകോപനപരമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും സുഷ്മ സ്വരാജ് അറിയിച്ചു.
ന്യൂയോര്‍ക്കിലെ യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റക്‌സ് തില്ലേഴ്‌സനുമായും, ജപ്പാനിലെ പ്രതിപക്ഷ അംഗമായ ടാരോ കണ്‍നോയുംമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണ്. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കുള്ള സംശയം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറും ചൂണ്ടിക്കാട്ടി.
ഉത്തരകൊറിയയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ സാധിക്കുമെന്നും ഇക്കാര്യങ്ങള്‍ ഗൗരവപരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ഭരണകൂടത്തിന് പാകിസ്ഥാന്‍-ഉത്തരകൊറിയ ആണവ ബന്ധത്തെക്കുറിച്ച് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി വഴി വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.
ഉത്തരകൊറിയ നടത്തുന്ന ആണവ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്ന ഏതു രാജ്യത്തിനും അതിന്റെ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും വിദേശകാര്യ വക്താവ് മുന്നറിയിപ്പ് നല്‍കി.
ആണവ ഉപരോധത്തിന് പുറമെ മൂന്ന് നേതാക്കളും സമുദ്ര സുരക്ഷ, കണക്ടിവിറ്റി വിഷയങ്ങളിലും, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍, പരമാധികാരം, രാജ്യത്തിന്റെ സമഗ്രത, രാജ്യങ്ങളുടെ പരസ്പര ധാരണ തുടങ്ങിയവയെക്കുറിച്ചും സമഗ്രമായ ചര്‍ച്ച നടത്തി.