ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

ഡല്‍ഹി: ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യധാന്യം കയറ്റിയയച്ച് ഇന്ത്യ. കഴിഞ്ഞ ആഴ്ച സഹായമായി 2500 മെട്രിക് ടണ്‍ ഗോതമ്പാണ് പാകിസ്ഥാന്‍ വഴി ഇന്ത്യ കയറ്റി അയച്ചത്. 50 ട്രക്കുകളിലാണ് ഇത്രയും ധാന്യം കയറ്റിയയച്ചത്.

വാഹനവ്യൂഹം ഇന്ത്യ-പാകിസ്ഥാന്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റില്‍ (ഐസിപി) വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷാമം നേരിടുന്ന അഫ്ഗാന് സഹായം നല്‍കണമെന്ന ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-പാകിസ്ഥാന്‍ വ്യാപാര അതിര്‍ത്തി തുറക്കുന്നത്. അതിര്‍ത്തി തുറന്നതിനെ അമൃത്സറിലെ വ്യാപാരികളും ട്രക്കര്‍മാരും സ്വാഗതം ചെയ്തു. അഫ്ഗാന്‍ സഹായത്തിനാണെങ്കിലും അതിര്‍ത്തി തുറക്കുന്നത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വ്യാപാരം വീണ്ടും ആരംഭിക്കാന്‍ ഇടയാക്കുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

Top