ന്യൂഡല്‍ഹി: ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചെന്നാണ് വിവരം. ചര്‍ച്ച നടക്കുന്നതിനിടെയുള്ള ഇന്ത്യയുടെ നടപടി ചൈന എതിര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന നിര്‍ണായകമായി കരുതുന്ന ദക്ഷിണ ചൈന കടലില്‍ ഇന്ത്യയുടെ യുദ്ധക്കപ്പല്‍ കണ്ടതില്‍ ചൈന വിയോജിപ്പ് അറിയിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
2009 മുതല്‍ കൃത്രിമ ദ്വീപ് നിര്‍മ്മിച്ചും സൈന്യത്തെ വിന്യസിച്ചും ദക്ഷിണ ചൈന കടലില്‍ ചൈന അപ്രമാദിത്തത്തിന് ശ്രമിക്കുന്നുണ്ട്. ജൂണ്‍ 15ന് ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യ വരിച്ചതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ദക്ഷിണ ചൈന കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ എത്തിയത് ചൈന ശക്തമായി എതിര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ നാവിക സേനയും ദക്ഷിണ ചൈന കടയില്‍ സാന്നിധ്യമുറപ്പിച്ചിരുന്നു. അമേരിക്കന്‍ നാവിക സേനയുമായി ഇന്ത്യന്‍ നാവിക സേന ആശയവിനിമയം നടത്തിയിരുന്നതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടക്കുന്നത് നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നേവി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മലാക്ക മേഖലയില്‍ കപ്പലുകള്‍ വിന്യസിച്ചിരുന്നു.