ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 162 റണ്‍സ് വിജയലക്ഷ്യം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. മൂന്ന് വിക്കറ്റ് നേടിയ ഷാര്‍ദുല്‍ ഠാകൂറായിരുന്നു കൂടുതല്‍ അപകടകാരി. റ്യാന്‍ ബേള്‍ (പുറത്താവാതെ 39), സീന്‍ വില്യംസ് (42) എന്നിവര്‍ക്ക് മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങാനായത്.
മോശം തുടക്കമായിരുന്നു ആതിഥേയര്‍ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് നഷ്ടമായി. വിശ്വസ്ഥനായ സിക്കന്ദര്‍ റാസ (16) മടങ്ങിയതോടെ ടീം അഞ്ചിന് 72 എന്ന നിലയിലായി. പിന്നീട് വില്യംസ്- ബേള്‍ അല്‍പസമയം പിടിച്ചുനിന്നെങ്കിലും ഹൂഡ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വില്യംസ് ധവാന്റെ കൈകളില്‍ വിശ്രമിച്ചു. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ മൂന്ന് ക്യാച്ചുകളുമായി വിക്കറ്റിന് പിന്നില്‍ തിളങ്ങി. സിംബാബ്‌വെയുടെ രണ്ട് പേര്‍ റണ്ണൗട്ടാവുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം ഏകദിനമാണിന്ന് നടക്കുന്നത്. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ചാഹറിന് പകരം ഷാര്‍ദുല്‍ ഠാകൂര്‍ ടീമിലെത്തി. ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു ദീപക്. അദ്ദേഹത്തിന് മാറ്റിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സിംബാബവെ രണ്ട് മാറ്റം വരുത്തി.