കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി; ഉത്തേജക മരുന്ന് പരിശോധനയിൽ 2 താരങ്ങൾ പരാജയപ്പെട്ടു

കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. രണ്ടു താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു, സ്പ്രിന്റര്‍ ധനലക്ഷ്മി എന്നിവരാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇരുവരും നിരോധിത വസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇരുവരെയും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി.

കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന നാഷണല്‍ ഇന്റര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ നാഡ ശേഖരിച്ച ഐശ്വര്യ ബാബുവിന്റെ സാമ്പിളാണ് പോസിറ്റീവായിരിക്കുന്നത്. ഈ ചാമ്പ്യന്‍ഷിപ്പിനിടെയാണ് 25-കാരിയായ ഐശ്വര്യ 14.14 മീറ്റര്‍ ചാടി മലയാളി താരം മയൂഖ ജോണി 2011-ല്‍ സ്ഥാപിച്ച ദേശീയ റെക്കോഡ് (14.11) തിരുത്തിയത്.

Top