റോം: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്ര കോടതി പ്രാഥമിക ഉത്തരവ് നല്‍കിയതായി ഇറ്റലി വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. അതിനാല്‍ തന്നെ കേസില്‍ പ്രതിയായ നാവികന്‍ സാല്‍വത്തോറെ ജിറോണിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജിറോണിനെ കൂടാതെ ലത്തോറെ മാസിമിലാനോയ്ക്കുമെതിരായ കേസിന്റെ മെറിറ്റ് കോടതി പരിശോധിക്കുമെന്നും ഇറ്റലി വ്യക്തമാക്കി.
2012ലാണ് കൊല്ലം തീരത്ത് വച്ച് മത്സ്യബന്ധന ബോട്ടിനു നേരെ നാവികര്‍ വെടിവച്ച് രണ്ടു പേര്‍ മരിക്കാനിടയായത്. തുടര്‍ന്ന് നാവികരെ ഇന്ത്യ അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരായ വിചാരണ ഡല്‍ഹിയില്‍ നടന്നു വരികയാണ്. സംഭവം നടന്നത് അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ആയതിനാല്‍ അന്താരാഷ്ട്ര കോടതിയാണ് തീര്‍പ്പ് കല്‍പിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ നിറുത്തി വച്ചിരിക്കുകയാണ്. നാലു വര്‍ഷമായി ഇന്ത്യയില്‍ കഴിയുകയാണ് സാല്‍വത്തോറെ ജിറോണ്‍. മാസിമിലാനോ ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഇറ്റലിയില്‍ വിശ്രമിക്കുകയാണ്.