ഇന്ത്യന്‍ സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നത്തിനെതിരെ മുന്നറിയിപ്പുമായി സൗദി

റിയാദ്: അപകടകരമായ രീതിയില്‍ ബാക്ടീരിയയുടെയും ആര്‍സെനിക്കിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെല്‍ത്ത് ആന്റ് ബ്യൂട്ടി ആസ്ടെക് സീക്രെറ്റ് ഇന്ത്യന്‍ ഹീലിംഗ് ക്ലേ എന്ന ഇന്ത്യന്‍ സ്‌കിന്‍കെയര്‍ ഉല്‍പന്നത്തിനെതിരെ മുന്നറിയിപ്പുമായി സൗദി അധികൃതര്‍. ഇതിന്റെ ഉപയോഗം ഗുരുതരമായ ചര്‍മ രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ നടപടി.

സുരക്ഷാ പരിശോധനകളുടെ ഭാഗമായി പ്രാദേശിക മാര്‍ക്കറ്റില്‍ വിതരണം ചെയ്യുന്ന ഈ സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നം പരിശോധിച്ചപ്പോള്‍ അതില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായും അതോറിറ്റി വ്യക്തമാക്കി. ഉയര്‍ന്ന അളവിലുള്ള ബാക്ടീരിയയും ആര്‍സെനിക്കും തൊലിയുമായി ചേരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഉല്‍പ്പന്നങ്ങളില്‍ ബാക്ടീരിയയുടെ സാന്നിധ്യത്തിന് വിവിധ കാരണങ്ങളാവാം. നിര്‍മാണ വേളയില്‍ ആവശ്യമായ ഗുണനിലവാരം ഉറപ്പുവരുത്താത്തതോ പാക്കേജിംഗ് വേളയിലുള്ള ശ്രദ്ധക്കുറവോ ശരിയായ രീതിയില്‍ സ്റ്റോര്‍ ചെയ്യാത്തതോ ആവാം കാരണം. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അപകടകരമല്ലാത്ത ബാക്ടീരിയകള്‍ അനുവദനീയമായ അളവില്‍ ആകാമെങ്കിലും ഈ ഉല്‍പ്പന്നത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ആര്‍സെനിക്ക് വിഷം ശരീരത്തില്‍ കൂടുതല്‍ സമയം നില്‍ക്കുന്നത് തൊലിയില്‍ പൊള്ളലുണ്ടാകാനും ചര്‍മ്മത്തില്‍ നിറവ്യത്യാസം ഉണ്ടാവാനും വിശപ്പ് കുറയാനുമൊക്കെ കാരണമാവും. ഈ ഉല്‍പ്പന്നത്തിന്റെ ഇറക്കുമതിയും വിതരണവും തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. അതോടൊപ്പം സൗദി നിയമം ലംഘിച്ച് ഇവ വില്‍പ്പന നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top