ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 ഇന്ന്

ദക്ഷിണാഫ്രിക്ക: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ഞായറാഴ്ച രാത്രി 7.30 മുതല്‍ ഡര്‍ബനില്‍.ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവരൊന്നും ടി 20 പരമ്പരയില്‍ കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന സംഘത്തിലേറെയും അത്ര പരിചയസമ്പന്നരല്ല. ഇതേ ടീം, കഴിഞ്ഞയാഴ്ച ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പര 4-1ന് ജയിച്ചിരുന്നു. അന്ന് ഓസ്ട്രേലിയന്‍ ടീമിലും അധികം സീനിയര്‍ താരങ്ങളുണ്ടായിരുന്നില്ല.

2024 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യു.എസിലുമായി ടി 20 ലോകകപ്പ് നടക്കുന്നു. അതിനുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണ് ഈ പരമ്പര. മാര്‍ച്ചില്‍ ഐ.പി.എല്‍. തുടങ്ങും. അതിനിടെ അധികം ടി 20 മത്സരങ്ങള്‍ കളിക്കാനില്ല.ലോകകപ്പിനുമുന്നോടിയായി ടീമിന്റെ സ്ഥിരം നായകനായി കരുതിയിരുന്ന ഹാര്‍ദിക് പാണ്ഡ്യ പരിക്കിലാണ്. രോഹിത്, കോലി തുടങ്ങിവര്‍ ലോകകപ്പിലുണ്ടാകുമോ എന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് സൂര്യകുമാറിനൊപ്പം ഒരു യുവസംഘം ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.

ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍ എന്നിവരാണ് ഓസീസിനെതിരായ പരമ്പരയില്‍ ഓപ്പണറായിറങ്ങിയത്. മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷന്‍ മൂന്നാമനായും തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, തിലക് വര്‍മ എന്നിവരും ഇറങ്ങി. ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതോടെ ഇഷാനുപകരം മൂന്നാംനമ്പറില്‍ അദ്ദേഹം ഇറങ്ങി. ദക്ഷിണാഫ്രിക്കയിലും ഏറക്കുറെ ഇതേ ഘടനയാകുമെന്നു കരുതുന്നു. വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരുണ്ട്.

Top