ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ നാലാം മത്സരവും വിജയിച്ച് ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കാത്തിരുന്ന ഇന്ത്യയ്ക്ക് ചുവട് പിഴച്ചു. ജൊഹാനസ്ബര്‍ഗ് ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റിന്റെ ജയം.
മഴ നിയമപ്രകാരം പുനര്‍നിര്‍ണയിച്ച 202 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യം പിങ്ക് നിര തകര്‍ക്കുകയായിരുന്നു.
എന്നാല്‍ ലക്ഷ്യം നേടാന്‍ ഇന്ത്യയ്ക്കിനി രണ്ടവസരം കൂടിയുണ്ട്. 13ന് പോര്‍ട്ട് എലിസബത്തിലോ 16ന് സെഞ്ചൂറിയനിലോ ജയിച്ചാലും പരമ്പര ഇന്ത്യയ്ക്കു സ്വന്തമാകും. 2010-11ല്‍ 2-1ന് ലീഡെടുത്ത ശേഷം അഞ്ചു മല്‍സരങ്ങളുള്ള പരമ്പര 3-2ന് വിട്ടുകളഞ്ഞതാണ് ദക്ഷിണാഫ്രിക്കയില്‍ ഇതിനു മുന്‍പ് ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചത്.
പുറത്താകാതെ 27 പന്തുകളില്‍ നിന്നു 43 റണ്‍സെടുത്ത ഹെന്റിക് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും ജസ്പ്രീത് ബുംമ്ര, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.