തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരക്കായി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് അധികൃതർ. സ്റ്റേഡിയത്തിൻ്റെ നടത്തിപ്പവകാശമുള്ള ഐ.എൽ ആൻഡ് എഫ്.എസ് കമ്പനിയാണ് സ്റ്റേഡിയം വിട്ടുനൽകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചത്.
സൈനിക റിക്രൂട്ട്മെന്റ് റാലിക്കായി സ്റ്റേഡിയം അനുവദിച്ചിരിക്കുകയാണെന്നാണ് വിശദീകരണം. കൂടുതൽ രാജ്യാന്തര മത്സരങ്ങൾ ഇവിടെ നടത്തുകയും ടെസ്റ്റ് വേദിയാക്കി ഗ്രീൻഫീൽഡിനെ ഉയർത്തുകയും ചെയ്യുക എന്നതായിരുന്നു കെസിഎയുടെ ലക്ഷ്യം.
അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി-20കളും ഉള്ള പരമ്പര അടുത്ത മാസമാണ് നടക്കേണ്ടത്. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള വനിതാ ടീമിൻ്റെ ആദ്യ രാജ്യാന്തര പരമ്പരയാവും ഇത്. വനിതകളുടെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റ് ഫെബ്രുവരി 18 മുതൽ ആരംഭിക്കും എന്ന് ബിസിസിഐ അറിയിച്ചിരുന്നു. വിജയവാഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാവും മത്സരങ്ങൾ. സൈനിക റിക്രൂട്ട്മെന്‍റിന് ചീഫ് സെക്രട്ടറിയാണ് അനുമതി നൽകിയത്.