വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ പന്തുകള്‍ക്ക് ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യും.
പരുക്കേറ്റ പുതുമുഖ താരം വാഷിങ്ടണ്‍ സുന്ദറിന് പകരം ചൈനമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്തിയതാണ് ഇന്ത്യന്‍ ടീമിലുള്ള ഏക മാറ്റം.
ശ്രീലങ്കന്‍ നിരയില്‍ ലാഹിരു തിരിമനെയ്ക്ക് പകരം സദീര സമര വിക്രമ മത്സരത്തിനിറങ്ങും. കഴിഞ്ഞ കളികളിലെ റേക്കോര്‍ഡുകളുടെ നേട്ടത്തോടെ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനമാണ് ഇന്ന്.
ഇരുടീമുകളും ഓരോ മല്‍സരം ജയിച്ചതോടെ ‘ഫൈനലായി’ മാറിയ മല്‍സരത്തില്‍ വിജയ പ്രതീക്ഷയോടെയാണ് ഇന്ത്യ മത്സരിക്കുന്നത്.
2015 ഒക്ടോബറിനുശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു പരമ്പര തോറ്റിട്ടില്ല. ആ റെക്കോര്‍ഡ് തുടരാനും ടീം ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേതീരൂ.
വിശാഖപട്ടണത്ത് ഇതുവരെ എട്ടു മല്‍സരം കളിച്ച ഇന്ത്യ തോല്‍വി വഴങ്ങിയത് ഒരുതവണ മാത്രമാണ്.
കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.