ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ ആം ആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹരിത ട്രൈബ്യൂണല്‍.
തലസ്ഥാന നഗരിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമ്പോഴും നടപടികള്‍ സ്വീകരിക്കാതെ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച നടപടിയെ ചോദ്യം ചെയ്താണ് ജസ്റ്റിസ് സ്വതന്ത്ര്യ കുമാര്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണല്‍ ( എന്‍ ജി റ്റി) കേജരിവാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.
കഴിഞ്ഞ ദിവസം, അന്തരീക്ഷ മലിനീകരണം രൂക്ഷമാണെന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യേണ്ടി വന്നിരുന്നു.
മലിനീകരണം രൂക്ഷമായിരിക്കുമ്പോള്‍ ഇവിടെ ക്രിക്കറ്റ് കളി സംഘടിപ്പിക്കരുതായിരുന്നുവെന്നും ഹരിത ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
എല്ലാ മാധ്യമങ്ങളിലും വായുമലിനീകരണം രൂക്ഷമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെന്നും, എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും, ക്രിക്കറ്റ് ടീമുകള്‍ മാസ്‌ക്ക് ധരിച്ച് കളിക്കേണ്ട അവസ്ഥ വന്നുവെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
ചീഫ് സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും മാറിയതിനാല്‍ നടപടിയെ കുറിച്ച് വിശദീകരിക്കാന്‍ കൂടുതല്‍ സമയം എ.എ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, 48 മണിക്കൂറിനുള്ളില്‍ നടപടിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.