മൊഹാലി: ധര്‍മ്മശാലയിലെ നാണംകെട്ട തോല്‍വിക്ക് ശേഷം ലങ്കയോട് പൊരുതാന്‍ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും.
മൊഹാലിയില്‍ 11.30 നാണ് മത്സരം ആരംഭിക്കുക.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ നിലവില്‍ ലങ്ക 10ന് മുന്നിലാണ്.
ജയം മാത്രമാണ് രോഹിത് ശര്‍മ്മയുടെ കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്.
തോല്‍വി വഴങ്ങേണ്ടി വന്നാല്‍ പരമ്പര തന്നെ ഇന്ത്യയ്ക്ക് നഷ്ടമാകും.
അതിനാല്‍, 112 റണ്‍സിന് ധര്‍മ്മശാലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ നിര മൊഹാലിയില്‍ വലിയ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.
ലങ്കന്‍ ബൌളര്‍മാരുടെ പേസാക്രമണം പ്രതിരോധിക്കാനാകാതെ വന്നതാണ് ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തില്‍ വലിയ തോല്‍വി സമ്മാനിച്ചത്.
എം.എസ് ധോണിയുടെ ഒറ്റയാള്‍ പോരാട്ടം കൂടിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യ ചരിത്രത്തിലെ തന്നെ നാണംകെട്ട തോല്‍വിയിലേക്ക് കൂപ്പുകുത്തുമായിരുന്നു.
അതേസമയം, അജിങ്ക്യ രഹാനെ രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയേക്കും. തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരിച്ചുവരുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വ്യക്തമാക്കിയിരുന്നു.
മറുവശത്ത് ആദ്യ ഇന്നിങ്‌സിലെ തകര്‍പ്പന്‍ ജയത്തിന്റെ പിന്‍ബലത്തില്‍ ലങ്ക ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.
സുറങ്ക ലക്മല്‍, എയ്ഞ്ചലോ മാത്യൂസ്, ഉപ്പുള്‍ തരംഗ തുടങ്ങി ലങ്കന്‍ നിരയിലുള്ളവര്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ടെസ്റ്റ് പരമ്പര നഷ്ടം ഏകദിനത്തിലൂടെ നികത്താനാണ് ലങ്കന്‍ ശ്രമം.