ലണ്ടന്‍ : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കം. എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നേരിട്ട പരാജയത്തിന് കടം വീട്ടാനൊരുങ്ങി ആണ് ഇന്ത്യന്‍ ടീം ഇന്ന് കളിക്കളത്തിലിറങ്ങുക. ഇംഗ്ലണ്ടാവട്ടെ തങ്ങളുടെ ലീഡ് ഉയര്‍ത്താനും. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം മൂന്നരക്കാണ് മത്സരം ആരംഭിക്കുക.
മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പരയില്‍ ഒപ്പമെത്താനായാല്‍ കൊഹ്‌ലിയെ കാത്തിരിക്കുന്നതു മറ്റൊരു തിളക്കമാര്‍ന്ന നേട്ടമായിരിക്കും.
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു തലവേദന സമ്മാനിച്ചു ശീലമുള്ള ലോര്‍ഡ്‌സില്‍ 1986ല്‍ കപില്‍ദേവും 2014ല്‍ എം.എസ്.ധോണിയും മാത്രമാണ് ഇന്ത്യയെ ടെസ്റ്റില്‍ വിജയത്തിലെത്തിച്ച നായകന്മാര്‍. ആ നിരയിലേക്കു തന്റെ പേരുകൂടി ചേര്‍ക്കാനുറച്ചാകും കൊഹ്‌ലി ഇറങ്ങുക.
ഇരുടീമുകളിലും മാറ്റങ്ങളുണ്ടാകും. ഇന്ത്യന്‍ നിരയില്‍ ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവോ രവീന്ദ്ര ജഡേജയോ ഇടം പിടിക്കും. ഒരു ബാറ്റ്‌സ്മാനെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനമെങ്കില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പുറത്തിരിക്കേണ്ടി വരും. ഫോമില്ലാത്ത ശിഖര്‍ ധവാന് പകരം ചേതേശ്വര്‍ പൂജാര ടീമിലെത്താനും സാധ്യതയുണ്ട്.
ഇംഗ്ലണ്ട് നിരയില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ഒലീ പോപ് അരങ്ങേറുമെന്ന് ഉറപ്പായിട്ടുണ്ട്. ബെന്‍ സ്റ്റോക്‌സിന് പകരമെത്തിയ ക്രിസ് വോക്‌സോ സ്പിന്നര്‍ മോയിന്‍ അലിയെ ടീമിലിടം പിടിച്ചേക്കും.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് 31 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ലോര്‍ഡ്‌സില്‍ കളിച്ച 17 ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍, പതിനൊന്നു കളികളിലാണു തോല്‍വി പിണഞ്ഞത് നാലെണ്ണം സമനിലയിലുമായി. അഞ്ചു കളികളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0നു മുന്നിലാണ്.