ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിവസം ഇന്ത്യക്ക് നിരാശയോടെ തുടക്കം

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിവസം ഇന്ത്യക്ക് നിരാശയോടെ തുടക്കം. ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന 20 കിലോമീറ്റര്‍ നടത്തത്തില്‍ നിരാശയായിരുന്നു ഫലം. പുരുഷ വിഭാഗത്തില്‍ മലയാളി താരം കെ.ടി. ഇര്‍ഫാന്‍, മനീഷ് റാവത്ത് എന്നിവര്‍ അയോഗ്യരാക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ നിലവിലെ വെള്ളിമെഡല്‍ ജേതാവായ ഖുശ്ബീര്‍ കൗറിന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. മറ്റൊരു ഇന്ത്യന്‍ പ്രതിനിധിയായ സൗമ്യ ബേബിയാകട്ടെ, അയോഗ്യയാക്കപ്പെട്ടു.

ഹെപ്റ്റാത്തലണില്‍ ഒരേയൊരു ഇനം ബാക്കിനില്‍ക്കെ ഒന്നാമതു നില്‍ക്കുന്ന സപ്ന ബര്‍മനാണ് പതിനൊന്നാം ദിനം ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മിഴിവു പകര്‍ന്നത്. ഇതേയിനത്തില്‍ പൂര്‍ണിമ ഹെംബ്രാം നാലാം സ്ഥാനത്തുണ്ട്. നിലവില്‍ ഒന്‍പതു സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമുള്‍പ്പെടെ 50 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

വനിതാ ഹോക്കി ഫൈനലില്‍ ചൈനയുമായിട്ടാണ് ഇന്ത്യ പോരാടാന്‍ ഇറങ്ങുക. വൈകീട്ട് ആറരയ്ക്ക് ആണ് മത്സരം തുടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. അത്‌ലറ്റിക്‌സില്‍ വനിതകളുടെ 200 മീറ്ററില്‍ ദ്യുതി ചന്ദും, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗും രാകേഷ് ബാബും മെഡല്‍ പ്രതീക്ഷയോടെ ഇറങ്ങും.

ബോക്‌സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്ന് താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വികാസ് കൃഷ്ണന്‍, അമിത്, ധീരജ് എന്നിവര്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഈയിനത്തില്‍ മെഡല്‍ ഉറപ്പിക്കാം. 1500 മീറ്റര്‍ ഹീറ്റ്‌സില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനും മന്‍ജീത് സിംഗും മത്സരിക്കും.

Top