ന്യൂഡല്‍ഹി: ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി ഉയര്‍ത്തി തദ്ദേശീയമായി വികസിപ്പിച്ച ആണവ വാഹക ശേഷിയുള്ള മിസൈല്‍ അഗ്‌നി5 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു പരീക്ഷിച്ചത്. മിസൈല്‍ ഇന്ന് രാവിലെ 9.48നാണ് വിക്ഷേപിച്ചത്.
കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വരെ എത്താന്‍ സാധിക്കും. അഗ്‌നി 5ന്റെ ആറാമത്തെ പരീക്ഷണമാണ് ഇന്ന് നടന്നത്. ജനുവരി 18നായിരുന്നു അവസാനമായി അഗ്‌നി 5 പരീക്ഷിച്ചത്. അഗ്നി 5ന്റെ ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നുമായിരുന്നു. 2016 ഡിസംബര്‍ 26നായിരുന്നു അഗ്‌നിയുടെ നാലാം പരീക്ഷണം.
അഗ്‌നി 5 മിസൈല്‍ റെയില്‍ വാഹനത്തിലും പടുകൂറ്റന്‍ ട്രക്കിന്റെ ട്രെയിലറില്‍ ഘടിപ്പിച്ചും സ്ഥാനം മാറ്റാം. ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാന്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ട്. വളരെ എളുപ്പത്തില്‍ സൈന്യത്തിന് മിസൈലിനെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും സാധിക്കും.
17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള മിസൈലിന് 50 ടണ്‍ ആണ് ഭാരം. ഒരു ടണ്ണിലേറെ ഭാരമുള്ള ആണവായുധങ്ങള്‍ യുദ്ധമുഖത്ത് എത്തിക്കാന്‍ ശേഷിയുള്ളതുമാണ് അഗ്‌നി 5 മിസൈല്‍. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കാന്‍ മിസൈലിന് കെല്‍പുണ്ട്.
2003 മുതല്‍ സൈന്യത്തിന്റെ ഭാഗമാണ് അഗ്‌നി5. ഇത് സൈന്യത്തിന്റെ ഭാഗമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം പിടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.
അഗ്‌നി വിഭാഗത്തില്‍ നിലവില്‍ ഇന്ത്യയ്ക്ക് അഞ്ച് മിസൈലുകളാണ് ഉള്ളത്. 1550 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്‌നി 1, 2500 കിലോമീറ്റര്‍ ദൂരപരിധിയുള്ള രണ്ടാം പതിപ്പ്, 3500 കിലോമീറ്ററിന്റെ മൂന്നാം പതിപ്പ്, അതിന് ശേഷം 5000ല്‍ അധികം കിലോമീറ്റര്‍ ദൂരപരിധിയുള്ള അഞ്ചാം പതിപ്പ് എന്നിവയാണ് ഇതുവരെ പരീക്ഷിച്ചു വിജയിച്ച ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍. അഗ്‌നി3 വരെയുള്ളവ പാക്കിസ്ഥാനെ ലക്ഷ്യമാക്കിയാണ് വികസിപ്പിച്ചതെങ്കില്‍ അഗ്‌നി4, അഗ്‌നി5 എന്നിവ ചൈനയെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചതാണ്.