India successfully test-fires nuclear capable Agni-V

ന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി 5 ന്റെ അവസാനഘട്ടം വിജയകരമായി പരീക്ഷിച്ചു.ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ അവസാന പരീക്ഷണം ഇന്നു രാവിലെ ഒഡിഷ തീരത്തുളള വീലര്‍ ഐലന്റിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന്റെ (ഐ.ടി.ആര്‍) നാലാം നമ്പര്‍ ലോഞ്ച് കോംപ്ലക്‌സില്‍ നിന്നാണ് പരീക്ഷിച്ചത്.

അയ്യായിരത്തിലധികം കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈല്‍.

ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത് അഗ്‌നി മിസൈലാണ്.അഗ്‌നി5ന്റെ നാലാം ഘട്ട പരീക്ഷണമാണിത്.2015ല്‍ ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ വച്ചാണ് അഗ്‌നി5 ഇതിനു മുന്‍പു പരീക്ഷിച്ചത്.

ആദ്യപരീക്ഷണം 2012 ഏപ്രില്‍ 19 നും, രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15 നും മൂന്നാമത്തേത് 2015 ജനുവരി 31 നും നടന്നിരുന്നു. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയിരുന്നു. ഇവ പരിഹരിച്ചതിനു ശേഷമാണ് അവസാന പരീക്ഷണം നടത്തിയത്.

അഗ്‌നി ശ്രേണിയിലെ മറ്റ് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി അഗ്‌നി 5ല്‍ ഗതിനിര്‍ണയത്തിനും ആയുധശേഖരത്തിനും, എഞ്ചിനിലും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്.

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോള്‍ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികള്‍ക്കൊപ്പം ഇടം നേടാനും ഇന്ത്യയ്ക്കു വഴിയൊരുക്കുകയാണ് അഗ്‌നി 5.

ഇന്ത്യയുടെ ഏതു കോണില്‍ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണില്‍ വരെയും പറന്നെത്താന്‍ കഴിയുന്ന മിസൈലാണ് അഗ്‌നി5.

Top