India summons Pakistan high commissioner over militant infiltration

ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ ഭീകരര്‍ക്കു നല്‍കുന്ന സഹായത്തിനെതിരെ കര്‍ശന താക്കീതുമായി ഇന്ത്യ.

രാജ്യസഭ ഇന്നു കശ്മീര്‍ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാനിരിക്കേയാണ് പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി കര്‍ശന താക്കീതു നല്‍കിയത്
വടക്കന്‍ കശ്മീരില്‍ നിന്ന് ഇക്കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സ്വദേശിയായ ലഷ്‌കറെ തയിബ ഭീകരന്‍ ബഹാദൂര്‍ അലിയെ ഇന്ത്യ പിടികൂടിയിരുന്നു.

അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഇപ്പോഴും പാക്കിസ്ഥാന്‍ ഭീകരരെ അയയ്ക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കറാണു ബാസിതിനെ വിളിച്ചുവരുത്തി താക്കീതു നല്‍കിയത്. അറസ്റ്റ് ചെയ്ത ഭീകരനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കുറിപ്പും (ഡെയ്മാഷ്) ഇന്ത്യ കൈമാറി.

ഭീകരര്‍ക്കു പാക്കിസ്ഥാന്‍ നല്‍കുന്ന സഹായത്തെക്കുറിച്ച് ഒരാഴ്ചമുന്‍പ് ഇസ്‌ലാമാബാദ് സന്ദര്‍ശിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുന്നറിയിപ്പു നല്‍കുകയും അപലപിക്കുകയും ചെയ്തതാണ്.

അതിനു തൊട്ടുപിന്നാലെയാണു ബഹാദൂര്‍ അലിയെ ആയുധസമേതം പിടികൂടിയത്. അബു മുഹമ്മദ് ഹനീഫ് എന്ന ബഹാദൂര്‍ അലി പാക്കിസ്ഥാനിലെ പഞ്ചാബില്‍ ജിയ ബാഗ്ഗ ഗ്രാമക്കാരനാണ്.

ജമ്മുകശ്മീരില്‍ നിന്നു പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം എകെ 47 റൈഫിളും ഗ്രനേഡ് ലോഞ്ചറും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു. പാക്കിസ്ഥാനിലെ ലഷ്‌കറെ ക്യാംപില്‍ പരിശീലനം കഴിഞ്ഞശേഷമാണു തന്നെ ഇന്ത്യയിലേക്ക് അയച്ചതെന്ന് അലി കുറ്റസമ്മതം നടത്തി.

കശ്മീരില്‍ നിന്നു പാക്ക് അധികൃതരുമായി ബന്ധപ്പെട്ട് അടുത്ത ആക്രമണ ലക്ഷ്യങ്ങള്‍ക്കായി ഒരുക്കം നടത്തവേയാണ് അലി പിടിയിലായത്.

അലി ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ക്ക് എഴുതിയ കത്തില്‍ തനിക്കു കോണ്‍സുലാര്‍ സഹായം ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സഹായം ഇന്ത്യ അനുവദിക്കുകയാണെന്നും ജയ്ശങ്കര്‍ അറിയിച്ചു.

കശ്മീരില്‍ ഒരു മാസമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായ ബുര്‍ഹന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ഈ സംഭവത്തെ തുടര്‍ന്ന് ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരി ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവാലെയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തിങ്കളാഴ്ച ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെയും കണ്ടിരുന്നു.

Top