പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തിനെതിരെയുള്ള യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. ഇന്ത്യ അടക്കമുള്ള 145 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലനിലും അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രമേയം വ്യാഴാഴ്ച അംഗീകരിച്ചു.

ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. യുഎസ്, കാനഡ, ഹംഗറി, ഇസ്രായേല്‍, മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.നേരത്തെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇന്ത്യക്ക് പുറമെ ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്, യുക്രെയ്ന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഹമാസിനെ അപലപിച്ചും ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും അവതരിപ്പിച്ച മറ്റൊരു പ്രമേയത്തില്‍ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.

Top