അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം നേടി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യ പാകിസ്താനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി.
108 റേറ്റിങ്ങാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യയ്ക്ക് 105 റേറ്റിങ് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്തതോടെ ഇന്ത്യ 105-ല്‍ നിന്ന് 108 റേറ്റിങ്ങിലേക്കെത്തി. ഇതോടെ പാകിസ്താനെ നാലാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. പാകിസ്താന് 106 റേറ്റിങ്ങാണ് നിലവിലുള്ളത്.
126 റേറ്റിങ്ങുമായി ന്യൂസീലന്‍ഡാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ട് 122 റേറ്റിങ്ങുമായി രണ്ടാംസ്ഥാനത്ത് തുടരുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തോറ്റ ഓസ്‌ട്രേലിയ അഞ്ചാം റാങ്കിലേക്ക് താഴ്ന്നു. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളാണ് ആറുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.