കോവിഡ് രോഗമുക്തിയില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തി നേടുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അമേരിക്കയെ മറികടന്നാണ് ഇന്ത്യ ഒന്നാമതായത്. രാജ്യത്ത് കോവിഡ് രോഗമുക്തരായവര്‍ 42 ലക്ഷം കടന്നു.

അതേസമയം, ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ മരണസംഖ്യ 85,619 ആയി ഉയര്‍ന്നു. ഇന്നും ആയിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1247 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം 24 മണിക്കൂറിനിടെ 95,880 പേര്‍ രോഗമുക്തി നേടി. 42,08,432 പേരാണ് ഇതുവരെ രാജ്യത്തുടനീളം രോഗമുക്തരായി ആശുപത്രി വിട്ടത്. 79.29 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

10,13,964 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുപ്രകാരം 6.24 കോടി സാംപിളുകള്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം 8,81,911 സാംപിളുകള്‍ പരിശോധിച്ചു.

Top