44-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ചെന്നൈ

44-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി ചെന്നൈ നഗരം. എലൈറ്റ് കളിക്കാര്‍ ഉടന്‍ ചെന്നൈയില്‍ എത്തിചേരുമെന്നാണ് സൂചന . കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഒളിമ്പ്യാഡ് വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു. 1927 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു പ്രധാന ചെസ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

44-ാമത് എഡിഷന്‍ റഷ്യയിലെ മോസ്‌കോയില്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ യുക്രൈനിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ലോക ചെസ്സ് ബോഡിയായ ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ യൂറോപ്യന്‍ രാജ്യത്തിന് പുറത്തേക്ക് മാറ്റി. ഭിന്നശേഷിയുള്ളവര്‍ക്കുള്ള ആദ്യ ചെസ് ഒളിമ്പ്യാഡും, 93-ാമത് FIDE കോണ്‍ഗ്രസും റഷ്യയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.

150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള എലൈറ്റ് ചെസ്സ് കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്, തമിഴ്നാട് സര്‍ക്കാരും ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കും. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ചെസ്സ് ഒളിമ്പ്യാഡ് നടക്കുക. 2013ല്‍ വിശ്വനാഥന്‍ ആനന്ദും മാഗ്‌നസ് കാള്‍സണും തമ്മില്‍ ചെന്നൈയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന് ശേഷം നടക്കുന്ന പ്രധാന ലോക ഇനമാണ് 44-ാമത് ചെസ് ഒളിമ്പ്യാഡ്.

 

Top