India to join fight against IS under UN flag only, says Parrikar

ന്യൂഡല്‍ഹി: ഇസ്ലാമിക്‌ സ്റ്റേറ്റിനെതിരെ (ഐ.എസ്) ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയാല്‍ ഇന്ത്യയും അതിന്റെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.

ഐഎസിനെതിരെ ഏതെങ്കിലും തരത്തില്‍ ഐക്യരാഷ്ട്ര സഭ നടപടിയെടുത്താല്‍ ഇന്ത്യയും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിദേശ നയം, യുഎന്‍ പ്രമേയം എന്നിവയെ അടിസ്ഥാനമാക്കിയാണ് അന്തിമ തീരുമാനമെടുക്കുക. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലായിരിക്കും ഇന്ത്യ പ്രവര്‍ത്തിക്കുകയെന്നും പരീക്കര്‍ വ്യക്തമാക്കി. ഐഎസിനെതിരെ ഇന്ത്യ നേരിട്ടുള്ള യുദ്ധത്തിന് തയാറാകുമോയെന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇസ്ലാമിക്‌ സ്റ്റേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളുമായി ഇന്ത്യ പങ്കുവയ്ക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന പണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎസ്,ബ്രിട്ടന്‍,റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി കൈമാറി വരികയാണെന്ന്‌ മന്ത്രി പറഞ്ഞു. നിലവില്‍ 20 ഇന്ത്യന്‍ പൗരന്‍മാര്‍ ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

മുംബൈ,കശ്മീര്‍,തെലുങ്കാന അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രവര്‍ത്തിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയും റോ അടക്കമുള്ള ഇന്റലിജന്‍സ് വിഭാഗവും കണ്ടെത്തിയിരുന്നു.

Top