ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും; ഓസ്‌ട്രേലിയ എതിരാളി

ചെന്നൈ: ഇന്ന് ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. ഡങ്കിപ്പനിയെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന് കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. പകരം ഇഷാന്‍ കിഷന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്‌തേക്കും.

എന്നാല്‍ ആരാധകരെ വിഷമത്തിലാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ചെന്നൈയിലെ കാലാവസ്ഥ തന്നെയാണ് കാര്യം. ഇന്നലെ വൈകിട്ട് ചെന്നൈയില്‍ കനത്ത് മഴയുണ്ടായിരുന്നു. ഇക്കാര്യം കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ഭാഗികമായി മേഘാവൃതമാണ് ചെന്നൈ എന്നാണ് കാലാവസ്ഥാ പ്രവചനം. കൂടുതലും ആകാശം തെളിഞ്ഞിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയുണ്ടാകാന്‍ സാധ്യതയേറെയാണ്. മത്സരം പൂര്‍ണമായും തടസപ്പെട്ടില്ലെന്ന് പറയാം.

ചെന്നൈയില്‍ പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് കളിക്കുക. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തും. അങ്ങനെ വന്നാല്‍ മുഹമ്മദ് ഷമി പുറത്തിരിക്കും. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ പുതിയ പന്തെടുക്കും. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക പങ്കുവഹിക്കും. വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരായിരിക്കും മറ്റ് പ്രധാന ബാറ്റര്‍മാര്‍.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസപ്രിത് ബുമ്ര.

Top