ന്യൂഡല്‍ഹി: പാകിസ്താനു നല്‍കി വന്ന അതിസൗഹൃദ രാജ്യമെന്ന പരിഗണന കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി സെപ്തംബര്‍ 29 ന് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ വിദേശകാര്യ, വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
പാകിസ്താനുമായുള്ള സിന്ധു നദിജല കരാര്‍ പുന: പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ നീക്കം. പഴയതു പോലുള്ള മുദൃലസമീപനം ആയിരിക്കില്ല ഇനിയെന്ന സന്ദേശം പാകിസ്താന് നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
1996ലാണ് പാകിസ്താന് ഇന്ത്യ അതിസൗഹൃദ രാജ്യം എന്ന പദവി നല്‍കിയത്. ലോകവ്യാപാര സംഘടനയുടെ ‘ഗാട്ട്’ കരാറിന്റെ ഭാഗമായാണ് ഈ പദവി നല്‍കിയത്. ഇതനുസരിച്ച് ലോകവ്യാപാര സംഘടനയിലെ മറ്റ് അംഗങ്ങളേക്കാള്‍ പരിഗണന വ്യാപാരത്തിനായി പാകിസ്താന് ഇന്ത്യ നല്‍കുന്നുണ്ട്. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നടക്കുന്ന വ്യാപാരം ഇന്ത്യയുടെ മൊത്തം ചരക്ക് വ്യാപാരത്തിന്റെ 0.4 ശതമാനം വരും.