കോവിഡ് ചികിത്സയ്ക്ക് ഫേവിപിരാവിര്‍ പരീക്ഷിക്കാന്‍ ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് -19 അണുബാധയ്‌ക്കെതിരായ ചികിത്സാ നടപടിയായി ജപ്പാനീസ് പനി മരുന്നായ ഫേവിപിരാവിര്‍ പരീക്ഷിക്കാന്‍ ഒരുങ്ങി ഇന്ത്യ.

കോവിഡ് -19 രോഗികളില്‍ ഫേവിപിരാവിര്‍ ആന്റിവൈറല്‍ ഗുളികകള്‍ ഉപയോഗിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലില്‍ നിന്ന് അനുമതി ലഭിച്ചതായി മുംബൈ ആസ്ഥാനമായുള്ള ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു.

ജപ്പാനില്‍ ഇന്‍ഫ്ളുവന്‍സ് ചികിത്സയ്ക്കായി തുടക്കത്തില്‍ വികസിപ്പിച്ചെടുത്ത ആന്റിവൈറല്‍ മരുന്നാണ് ഫേവിപിരാവിര്‍. ഫെബ്രുവരിയില്‍, കോവിഡ് -19 ന്റെ പരീക്ഷണാത്മക ചികിത്സയ്ക്കായി ചൈനയും മറ്റ് രാജ്യങ്ങളും ഇതേകുറിച്ച് പഠിച്ചിരുന്നു.

ഫേവിപിരാവിറിന്റെ ഉപയോഗം 91% രോഗികളിലും അവസ്ഥയില്‍ പുരോഗതിയുണ്ടാക്കിയതായി പറയുന്നു. എന്നാല്‍ കടുത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ ഇത് ഫലപ്രദമായിട്ടുമില്ല.

കോവിഡ് -19 ചികിത്സയ്ക്കായി പരീക്ഷിക്കുന്ന നിരധി മരുന്നുകളില്‍ ഒന്നാണ് ഇത്.
മലേറിയ വിരുദ്ധ മരുന്ന് ഹെഡ്രോക്സിക്ലോറോക്വിന്‍, എബോള ഡ്രഗായ റെംഡെസിവിര്‍, എച്ച്‌ഐവി മരുന്നുകളായ ലോപിനാവിര്‍, റിറ്റോണാവീര്‍ എന്നിവയുടെ സംയോജനം തുടങ്ങിയവയെല്ലാം അക്കൂട്ടത്തില്‍ പെട്ടതാണ്.

ഗ്ലെന്‍മാര്‍ക്കിന് പുറമേ മുംബൈ ആസ്ഥാനമായുള്ള സിപ്ല എന്ന മരുന്നുകമ്പനി, ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ട്രൈഡ്സ് ഫാര്‍മ എന്നീ കമ്പനിയും മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Top