ന്യൂഡല്‍ഹി: ചൈനയെ നിലംപരിശാക്കാന്‍ ശേഷിയുള്ള ആണവവാഹക അഗ്‌നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. മിസൈലിന്റെ അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനത്തോടെയോ ജനുവരി ആദ്യ വാരമോ നടന്നേക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
2012 ഏപ്രിലിലാണ് ആദ്യമായി അഗ്‌നി 5 പരീക്ഷിച്ചത്. പിന്നീട് 2013 സെപ്തംബറിലും 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു.
ചൈനയുടെ വടക്കന്‍ മേഖലയുള്‍പ്പെടെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് അഗ്നി 5 മിസൈല്‍. 5000 മുതല്‍ 5500 കിലോ മീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി. ഈ മിസൈല്‍ സേനയുടെ ഭാഗമാകുന്നതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഉള്‍പ്പെടും. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ളത്.
ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നടന്ന പരീക്ഷണം വിജയവുമായിരുന്നു. മിസൈലിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങളാണ് ഇതുവരെ നടത്തിയത്. മിസൈല്‍ സേനയുടെ ഭാഗമാകുന്നതിന് മുന്പുള്ള അന്തിമ പരീക്ഷണമാണ് ഇനി നടക്കുക. ഇതുവരെയുണ്ടായിരുന്ന ന്യൂനതകള്‍ പരിഹരിച്ച ശേഷമാവും അന്തിമ പരീക്ഷണം.
ഹ്രസ്വദൂര മിസലൈുകളായ പൃഥി, ധനുഷ് എന്നിവ കൂടാതെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അഗ്‌നി 1, അഗ്‌നി 2, അഗ്‌നി 3, അഗ്‌നി 4 എന്നിവയാണ് ഇന്ത്യന്‍ സേനയ്ക്ക് കരുത്തേകുന്നത്. പൃഥി,ധനുഷ്, അഗ്‌നി 1,2,3 മിസൈലുകള്‍ ചിരവൈരികളായ പാകിസ്ഥാനെ ലക്ഷ്യം വയ്ക്കുമ്പോള്‍ അഗ്‌നി 4, അഗ്‌നി 5 എന്നീ മിസൈലുകള്‍ ചൈനയ്ക്കാണ് ഭീഷണി.
ആണവമിസൈല്‍ ശേഷി ലോകരാജ്യങ്ങളില്‍ തന്നെ ഇന്ത്യയുടെ ‘പവര്‍’ ഉയര്‍ത്തുന്നതാണ്.