ട്വന്റി 20ക്കു പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ ഇന്ന് നേരിടും. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ അത്യുജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. നാഭിക്ക് പരിക്കേറ്റ വിരാട് കോലി രണ്ടാം മത്സരത്തിലും കളിക്കില്ല.
ട്വന്റി 20 പരമ്പര 1-2ന് തോറ്റു. ഇംഗ്ലണ്ടിന്റെയും ബട്ലറുടെയും തിരിച്ചുവരവിന് രണ്ടാം ഏകദിനം അവര്‍ക്ക് ജയിക്കണം. എന്നാല്‍, രോഹിത് ശര്‍മ നയിക്കുന്ന ബാറ്റിങ് നിരയെയും ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിരയുമാണ് അവരെ നേരിടാൻ തയ്യാറായി നിൽക്കുന്നത്. ഇവരെ തളയ്ക്കുക അത്ര എളുപ്പമല്ല.
കോലിയുടെ അഭാവത്തില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ക്ക് മത്സരം നിര്‍ണായകമാണ്. ദീപക് ഹൂഡയെപ്പോലൊരു പ്രതിഭ ടീമിന് പുറത്തിരിക്കുമ്പോള്‍ ശ്രേയസ്സിന് മികവ് തെളിയിച്ചേ മതിയാവൂ. കഴിഞ്ഞ മത്സരത്തില്‍ ആറുവിക്കറ്റെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് വിഭാഗമാണ് ഇന്ത്യയുടെ ശക്തി. ആദ്യ മത്സരത്തില്‍ പേര് കേട്ട ഇംഗ്ലണ്ട് ബാറ്റര്‍മാരെ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ മത്സരത്തിലും അതേ ഫോം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.
ഓപ്പണര്‍മാരായ രോഹിതും ധവാനും മികച്ച ഫോമിലാണെന്നുള്ളതും ഇന്ത്യയുടെ ബലം കൂട്ടുന്നു. ആദ്യ മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെയായിരിക്കും ഇന്ത്യ നിലനിര്‍ത്തുക.