ന്യൂ ഡെല്‍ഹി : 2017 ജനുവരി-മെയ് കാലയളവിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് ആണ് കണക്കുകള്‍ അവതരിപ്പിച്ചത്. ചൈന, യുഎസ്, യുകെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ബ്രസീല്‍, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ പിന്തള്ളിയത്.
2016 ജനുവരി-മെയ് കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017 ജനുവരിക്കും മെയ് മാസത്തിനുമിടയില്‍ ഇന്ത്യ 11.34 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. അതേസമയം ചൈന, യുഎസ്, യുകെ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ വില്‍പ്പന കുറയുകയാണ് ചെയ്തത്.
പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇതേ കാലയളവില്‍ ജപ്പാന്‍ 9.05 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ജര്‍മ്മനി, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ യഥാക്രമം 4.68 ശതമാനം, 3.34 ശതമാനം, 2.29 ശതമാനം വില്‍പ്പന വളര്‍ച്ച കാഴ്ച്ചവെച്ചു. അമേരിക്കയില്‍ 9.83 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 2.59 ശതമാനം കുറഞ്ഞു.