ന്യൂഡല്‍ഹി: തീവ്രവാദത്തെ ചെറുക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉര്‍ദുഗാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവന നടത്തുകയായിരുന്നു ഉര്‍ദുഗാന്‍. ഇന്ത്യയും തുര്‍ക്കിയും മൂന്ന് സഹകരണ കരാറുകളിലും ഒപ്പുവച്ചു.
ഡല്‍ഹി ഹൈദരബാദ് ഹൗസില്‍ മോദി – ഉര്‍ദുഗാന്‍ കൂടിക്കാഴ്ചയിലും തുടര്‍ന്ന് നടന്ന പ്രതിനിധി തല ചര്‍ച്ചയിലും ആഭ്യന്തര സുരക്ഷ, തീവ്രവാദത്തെ ചെറുക്കല്‍, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.
ഏഷ്യയുടെ വികസനത്തില്‍ നിര്‍ണായക പങ്കാണ് ഇന്ത്യക്കുള്ളതെന്നും ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ ഉര്‍ദുഗാന്‍ പറഞ്ഞു, സുക്മയിലെ മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച ഉര്‍ദുഖാന്‍ തീവ്രവാദത്തെ ചെറുക്കുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
തീവ്രവാദം ഇരുരാജ്യങ്ങള്‍ക്കും വെല്ലുവിളിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാംസ്‌കാരികം, വിദേശകാര്യം തുടങ്ങി വിവിധ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട മൂന്ന് കരാറുകള്‍ ഇരു രാജ്യങ്ങളും കൈമാറി.