അബുദാബി : രാജ്യങ്ങള്‍ക്കിടയില്‍ സ്വന്തം കറന്‍സിയില്‍ വിനിമയം സാധ്യമാക്കുന്ന കറന്‍സി സ്വാപ് കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു. ഡോളര്‍ പോലുള്ള കറന്‍സികള്‍ അടിസ്ഥാനമാക്കാതെ തന്നെ ഇടപാട് സാധ്യമാകും എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാരായ സുഷമ സ്വരാജ്, ശൈഖ് അബ്ദുള്ള ബിന്‍ സായിദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. അബൂദബിയില്‍ നടന്ന ഇന്ത്യ- യു.എ.ഇ ജോയിന്റ് കമീഷന്‍ യോഗത്തിലാണ് തീരുമാനമായത്.
വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിലെ സാമ്പത്തിക, വാണിജ്യ വിഭാഗം അസിസ്റ്റന്റ് മന്ത്രി മുഹമ്മദ് ഷറഫും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി ടിഎസ് തിരുമുര്‍തിയുമാണ് ഇരുരാജ്യങ്ങള്‍ക്കുംവേണ്ടി ധാരണാപത്രം കൈമാറിയത്.
വിവിധ ഘട്ടങ്ങളില്‍ ഡോളറിന്റെ ഉയര്‍ച്ചയും താഴ്ചയും ഇന്ത്യ, യുഎഇ വിനിമയത്തെ ബാധിക്കില്ലെന്നതാണ് ഒപ്പുവെച്ച കരാറിന്റെ പ്രധാന നേട്ടം. ഊര്‍ജം, നിക്ഷേപം, ബഹിരാകാശം, വ്യാപാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായി.