ന്യൂഡല്‍ഹി: ചൈനയുടെ ഭീഷണിക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യ-അമേരിക്ക-ജപ്പാന്‍ സംയുക്ത ധാരണ.
മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന വാര്‍ഷിക സൈനികപരിശീലന പരിപാടിയായ ‘മലബാര്‍’ കൂടുതല്‍ വിപുലമായി നടപ്പാക്കാന്‍ പരസ്പരം ധാരണയായി.
മൂന്ന് രാജ്യങ്ങളുടേയും നാവികസേനകള്‍ നടത്തുന്ന മലബാര്‍ പരിശീലനത്തില്‍ ഇനി മുതല്‍ പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും കൂടാതെ മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന പട്രോളിംഗ് വിമാനങ്ങളും ഉള്‍പ്പെടുത്താനാണ് തീരുമാനം.
ഇന്ത്യന്‍ സമുദ്രതിര്‍ത്തിയിലെ വര്‍ധിച്ചു വരുന്ന ചൈനീസ് നാവിക സാന്നിധ്യമാണ് നാവികാഭ്യാസം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആറ് തവണ ചൈനീസ് മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രമേഖലയിലൂടെ കടന്നു പോയതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇവയെല്ലാം പാകിസ്താനിലെ കറാച്ചി തീരത്ത് നങ്കൂരമിട്ടിരുന്നതായും നാവികസേനയെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാക്കിസ്ഥാനിലൂടെ ചൈന പണിയുന്ന ‘സാമ്പത്തിക ഇടനാഴിയേയും’ അതീവ ഗൗരവമായാണ് മൂന്ന് രാഷ്ട്രങ്ങളും കാണുന്നത്.അതുകൊണ്ട് തന്നെ ചൈന-പാക് സഹകരണത്തെയും അവരുയര്‍ത്തുന്ന ഭീഷണിയേയും തകര്‍ത്ത് തരിപ്പണമാക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം.
വെള്ളിയാഴ്ച്ച ന്യൂഡല്‍ഹിയിലെത്തി ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയടക്കമുള്ള ഉന്നതനാവികസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയ യുഎസ് നാവികസേനയുടെ സെവന്‍ത് ഫ്‌ളീറ്റ് വൈസ് അഡ്മിറല്‍ ജോസഫ് പി ഓക്യോന്‍ ഇനി നടക്കാനാരിക്കുന്ന 21ാമത് മലബാര്‍ നാവികാഭ്യാസം കൂടുതല്‍ വിപുലമായ രീതിയിലായിരിക്കും സംഘടിപ്പിക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മലബാര്‍ നാവികാഭ്യാസത്തില്‍ പട്രോളിംഗ് വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ ഇരുസേനകള്‍ക്കും സംയുക്തമായി അന്തര്‍വാഹിനികളെ വേട്ടയാടാനുള്ള ശേഷി ആര്‍ജ്ജിക്കാന്‍ സാധിക്കുമെന്ന് ജോസഫ് പി ഓക്യോന്‍ പറഞ്ഞു.
കടലില്‍ ഒളിച്ചിരിക്കുന്ന അന്തര്‍വാഹിനികളെ കണ്ടെത്തി ആക്രമിച്ച് നശിപ്പിക്കാന്‍ കഴിവുള്ള പി81 പൊസൈഡന്‍ പട്രോളിംഗ് വിമാനങ്ങള്‍ ഇന്ത്യന്‍ നാവികസേന ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ നാവികസേന വികസിപ്പിച്ചെടുത്ത പി8 എ പട്രോളിംഗ് വിമാനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയതാണ് പി 81.ചൈനീസ് മുങ്ങിക്കപ്പലുകളെ മുന്നില്‍ കണ്ടാണ് ഈ അത്യാധുനിക പട്രോളിംഗ് വിമാനം ഇന്ത്യ സ്വന്തമാക്കിയത്.
രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ഇന്ത്യയും അമേരിക്കയും സ്ഥിരം പങ്കാളികളാണ്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തികളില്‍ വച്ച് മലബാര്‍ നാവികാഭ്യാസം സംഘടിപ്പിച്ചപ്പോള്‍ എല്ലാം ഇന്ത്യയും അമേരിക്കയും മാത്രമാണ് അതില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ പസഫിക് സമുദ്രത്തില്‍ വച്ച് 2009,2014 വര്‍ഷങ്ങളില്‍ നടത്തിയ മലബാര്‍ അഭ്യാസത്തില്‍ ജപ്പാനേയും ഉള്‍പ്പെടുത്തിയിരുന്നു.
2009ല്‍ ബംഗാള്‍ ഉള്‍കടലില്‍ വച്ചു നടന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാന്‍, സിംഗപ്പൂര്‍, ആസ്‌ട്രേലിയന്‍ നാവികസേനകള്‍ പങ്കെടുത്തിരുന്നു. ശക്തമായ പ്രതിഷേധമാണ് അന്ന് ചൈന ഇതിനെതിരെ ഉയര്‍ത്തിയത്. തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ അഭ്യാസപ്രകടനം ഇരുരാജ്യങ്ങള്‍ക്കിടയിലൊതുക്കി.
എന്നാല്‍ 2014ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ജപ്പാനെ മലബാര്‍ നാവികാഭ്യാസത്തിലെ സ്ഥിരം പങ്കാളിയാക്കി മാറ്റി. ഇപ്പോള്‍ ജപ്പാനെ കൂടാതെ ആസ്‌ട്രേലിയയേയും സ്ഥിരം പങ്കാളിയാക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല.
ചൈനയുമായി അതിര്‍ത്തി തര്‍ക്കമുള്ള രണ്ട് രാജ്യങ്ങളാണ് ജപ്പാനും ഇന്ത്യയും. പ്രതിരോധരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നേരത്തെ തന്നെ ചൈനയെ അസ്വസ്ഥരാക്കിയിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ എതിരാളികളായ അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ജപ്പാനും മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കു ചേരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലുമായി അരങ്ങേറുന്ന ഈ നാവികഭ്യാസം തങ്ങള്‍ക്കെതിരായ സംഘടിത നീക്കമായാണ് ചൈന കാണുന്നത്.
യുഎസിന്റെ അന്തര്‍വാഹിനി ചൈനീസ് സേന പിടിച്ചെടുത്തത് സംബന്ധമായി ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനികാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്.
ഈ നാവികാഭ്യാസം ചൈനക്കും പാക്കിസ്ഥാനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ സേനയുടെ സൈനികശേഷി വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നാവിക മേഖലക്ക് വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്.