India, US vow to boost security ties during Doval’s visit

വാഷിംങ്ടണ്‍: ഇന്ത്യയുമായി ചേര്‍ന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് അമേരിക്ക. ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കന്‍ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ എച്ച്.ആര്‍.മക്മാസ്റ്റര്‍ എന്നിവരുമായാണു ഡോവല്‍ ചര്‍ച്ച നടത്തിയത്.

ദക്ഷിണേഷ്യയിലെ ഭീകരവാദ ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇരുരാജ്യങ്ങളും തോളോടുതോള്‍ ചേര്‍ന്നു നീങ്ങണമെന്നു ചര്‍ച്ചയില്‍ തീരുമാനമായി.

ഈയിടെ നിലവില്‍ വന്ന പ്രതിരോധ രംഗത്തെ സഹകരണം വളര്‍ത്തിയെടുക്കണമെന്നു തീരുമാനിച്ചതായി പെന്റഗണ്‍ വക്താവ് പറഞ്ഞു.

ചര്‍ച്ച ഫലപ്രദവും സൃഷ്ടിപരവും ആയിരുന്നുവെന്ന് ഇന്ത്യന്‍ വക്താവും പറഞ്ഞു. പ്രതിരോധ, രഹസ്യാന്വേഷണ രംഗത്തെ ചുമതല വഹിക്കുന്ന സെനറ്റര്‍മാരായ ജോണ്‍ മക്കെയിന്‍, റിച്ചാര്‍ഡ് ബര്‍ എന്നിവരുമായും ഡോവല്‍ ചര്‍ച്ച നടത്തി.

ട്രംപ് പ്രസിഡന്റായതിനു ശേഷമുളള ഡോവലിന്റെ രണ്ടാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

നോട്ടു റദ്ദാക്കലും ജിഎസ്ടി നികുതി നിലവില്‍വന്നതും ചര്‍ച്ചാവിഷയമായി. ഇന്ത്യയുടെ വളരുന്ന സാമ്പത്തിക മേഖലയോട് അമേരിക്കയ്ക്കുള്ള താല്‍പര്യം വ്യക്തമാക്കുന്നതായിരുന്നു ഈ ചര്‍ച്ചയെന്നു പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള കാഴ്ചപ്പാട് ചര്‍ച്ചാവിഷയമായി. പ്രത്യേക ചര്‍ച്ചയുണ്ടായില്ലെങ്കിലും മേഖലയിലെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പാക്കിസ്ഥാന്റെ പേരും കടന്നുവന്നു. പാക്കിസ്ഥാനെ ഭീകരവാദവുമായി ബന്ധപ്പെട്ടാണു ട്രംപ് ഭരണകൂടം വീക്ഷിക്കുന്നതെന്നു വ്യക്തമാക്കുന്നതായിരുന്നു ചര്‍ച്ചയെന്നും വക്താവു പറഞ്ഞു.

Top