വാഷിംഗ്ടൺ : സാമ്പത്തിക അവസരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, സമഗ്രമായ വളർച്ചയ്ക്കും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപ്.
ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയുടെ ഭാഗമായി ഹൈദരാബാദിൽ എത്തുന്നതിനു മുൻപായിരുന്നു ഇവാന്‍കയുടെ പ്രസ്താവന. നവംബർ 28 ന് ആരംഭിക്കുന്ന ത്രിദിന ഉച്ചകോടി ആഗോളതലത്തിൽ ബിസിനസ്സ് വളർത്തുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്.
ഉച്ചകോടിയിൽ 170 രാജ്യങ്ങളിൽനിന്നുള്ള 1500 സംരംഭകർ പങ്കെടുക്കും. ഏകദേശം 350 പേർ അമേരിക്കയിൽ നിന്നും പങ്കെടുക്കുന്നുണ്ട് .
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ മുഖ്യ അതിഥിയായിരിക്കും ഇവാന്‍കാ ട്രംപ്.
സാമ്പത്തിക അവസരങ്ങൾ ഉൾക്കൊള്ളിച്ച് വളർച്ച വർദ്ധിപ്പിക്കാനായി ഇന്ത്യയും അമേരിക്കയും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ചർച്ചകൾ നടത്താൻ കാത്തിരിക്കുകയാണെന്നും ഇവാന്‍കാ വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും പരസ്പര സഹകരണത്തോടെയാണ് ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദവും, സാമ്പത്തിക-സുരക്ഷാ പങ്കാളിത്തവും കൂടുതൽ ദൃഢമാക്കുന്നതിന് സഹായിക്കുമെന്നും ഇവാന്‍കാ കൂട്ടിച്ചേർത്തു.
ഉച്ചകോടിയിൽ പങ്കെടുക്കുന്നവരിൽ 52.5 ശതമാനം സ്ത്രീകളാണെന്നും, 127 രാജ്യങ്ങളിൽ നിന്നാണ് ഇവർ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നതെന്നും ഇവാന്‍കാ വിശദീകരിച്ചു.
അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വനിത പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടി വ്യവസായ സംരംഭകർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ്.
അവരവരുടെ ആശയങ്ങൾ പങ്കിടാനും, സുരക്ഷിതമായ ഫണ്ടിംഗ് കണ്ടെത്താനും എല്ലാം സഹായകമാകുന്നതാണ് ഉച്ചകോടി.
ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയിലൂടെ ഇരു രാജ്യങ്ങളുടെ മാത്രമല്ല ആഗോളതലത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാക്കുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും, സംരംഭകത്വത്തിന് പ്രോൽസാഹനം നൽകുകയുമാണ് ലക്ഷ്യമാക്കുന്നതെന്ന് ഇവാന്‍കാ പറഞ്ഞു.