ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും, മത്സരം ഡൽഹിയിൽ

ന്യൂഡൽഹി : ഓസ്‌ട്രേലിയക്കെതിരെ കടുത്ത പോരാട്ടം നടത്തിയതിന്റെ ക്ഷീണം പൂർണമായും മാറിയിട്ടില്ല ഇന്ത്യൻ ടീമിന്‌. 24 മണിക്കൂർ കഴിയുമ്പോഴേക്കും ചെന്നൈയിൽ നിന്ന്‌ ഡൽഹിയിലെത്തി. ഇന്ന്‌ അഫ്‌ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ക്ഷീണം തീർക്കണം. സിക്‌സറുകളുടെ മൈതാനമാണ്‌ ഡൽഹി. മൂന്നുദിവസം മുമ്പ്‌ ദക്ഷിണാഫ്രിക്ക–-ശ്രീലങ്ക മത്സരത്തിൽ പറന്നത്‌ 31 സിക്‌സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത്‌ 754 റൺ. ലോകകപ്പിലെ അതിവേഗ സെഞ്ചുറിയും ഇവിടെ പിറന്നു.

ഓസീസിനെതിരെ ബാറ്റിങ്‌ നിരയുടെ പരീക്ഷണമായിരുന്നു. അത്‌ അതിജീവിക്കാനായി. എങ്കിലും ക്യാപ്‌റ്റൻ രോഹിത്‌ ശർമയ്‌ക്ക്‌ ബാറ്റർ എന്ന നിലയിൽ നിരാശയായിരുന്നു ഈ മത്സരം. ഇഷാൻ കിഷനും ശ്രേയസ്‌ അയ്യരും ആദ്യകളിയിലെ ഞെട്ടലിൽനിന്ന്‌ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്‌. വിരാട്‌ കോഹ്‌ലി–കെ എൽ രാഹുൽ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്‌. ഇരുവർക്കും സമ്മർദമില്ലാതെ ബാറ്റ്‌ ചെയ്യാനുള്ള അവസരംകൂടിയാണ്‌ ഇന്ന്‌.

അഫ്‌ഗാൻ ആദ്യകളിയിൽ തോറ്റു. ബംഗ്ലാദേശിനോട്‌ 156 റണ്ണിനാണ്‌ പുറത്തായത്‌. ബാറ്റിങ്‌ നിരയിൽ വിശ്വാസംപോര അവർക്ക്‌. ഹഷ്‌മത്തുള്ള ഷാഹിദിയാണ്‌ ക്യാപ്‌റ്റൻ. മൂന്ന്‌ സിക്‌സർകൂടി നേടിയാൽ രോഹിത്‌ രാജ്യാന്തര ക്രിക്കറ്റിലെ ഒന്നാമനാകും. രോഹിതിന്‌ 551 സിക്‌സറാണ്‌. ഒന്നാമതുള്ള വെസ്‌റ്റിൻഡീസിന്റെ ക്രിസ്‌ ഗെയ്‌ലിന്‌ 553ഉം.

ശുഭ്‌മാൻ ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻതന്നെ ഓപ്പണറായി തുടരും. സ്‌പിന്നർമാരാണ്‌ അഫ്‌ഗാന്റെ കരുത്ത്‌. റാഷിദ്‌ ഖാൻ, മുജീബ്‌ ഉർ റഹ്‌മാൻ, മുഹമ്മദ്‌ നബി എന്നിവരാണ്‌ സ്‌പിൻ വകുപ്പിൽ. പേസർമാരെ കടന്നാക്രമിക്കാനായിരിക്കും ഇന്ത്യൻ ബാറ്റർമാരുടെ ശ്രമം. ശ്രേയസിന്‌ സ്‌പിന്നമാർക്കെതിരെ മികച്ച റെക്കോഡുണ്ട്‌. പേസർമാർക്ക്‌ ഗുണംകിട്ടുന്ന പിച്ചിൽ ആർ അശ്വിൻ–-രവീന്ദ്ര ജഡേജ–-കുൽദീപ്‌ യാദവ്‌ സ്‌പിൻ ത്രയത്തിൽ ഒരാളെ പുറത്തിരുത്താൻ സാധ്യതയുണ്ട്‌. അങ്ങനെയാണെങ്കിൽ അശ്വിനാകും ഒഴിവാകുക. പേസർ മുഹമ്മ്‌ ഷമി നാലുവർഷംമുമ്പ്‌ അഫ്ഗാനെതിരെ ഹാട്രിക്‌ നേടിയിരുന്നു. പക്ഷെ, ഷമിയെ ഉൾപ്പെടുത്തിയാൽ ബാറ്റിങ്‌ കരുത്ത്‌ കുറയും. ഈ സാഹചര്യത്തിൽ ശാർദുൽ ഠാക്കൂറിനായിരിക്കും സാധ്യത. ഇന്ത്യൻ നിരയിൽ അഫ്‌ഗാനിസ്ഥാനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ്‌ നേടിയ ബൗളർ ജഡേജയാണ്‌.

ഇന്ത്യൻ ടീം: രോഹിത്‌ ശർമ, ഇഷാൻ കിഷൻ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ, കെ എൽ രാഹുൽ, ഹാർദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ/ശാർദുൽ ഠാക്കൂർ, കുൽദീപ്‌ യാദവ്‌, ജസ്‌പ്രീത്‌ ബുമ്ര, മുഹമ്മദ്‌ സിറാജ്‌.

അഫ്‌ഗാനിസ്ഥാൻ ടീം: റഹ്‌മത്തുള്ള ഗുർബാസ്‌, ഇബ്രാഹിം സദ്രാൻ, റഹ്‌മത്‌ ഷാ, ഹഷ്‌മത്തുള്ള ഷാഹിദി, നജീബുള്ള സദ്രാൻ, മുഹമ്മദ്‌ നബി, അഷ്‌മത്തുള്ള ഒമർസായി, റാഷിദ്‌ ഖാൻ, മുജീബ്‌ ഉർ റഹ്‌മാൻ, നവീൻ ഉൾ ഹഖ്‌, ഫസൽഹഖ്‌ ഫാറൂഖി.

ടീമുകൾ പരസ്‌പരം ഏറ്റുമുട്ടുന്ന മത്സരക്രമമായതിനാൽ ഈ ലോകകപ്പിൽ റൺനിരക്ക്‌ നിർണായക ഘടകമാകും. ഇന്ന്‌ ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിന്റെ ശ്രദ്ധ ഇതിലാണ്‌. നിലവിൽ റൺനിരക്കിൽ ദക്ഷിണാഫ്രിക്കയാണ്‌ മുന്നിൽ.

പോയിന്റ്‌ പട്ടികയിൽ മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയുടെ റൺനിരക്ക്‌ 2.040 ആണ്‌. രണ്ട്‌ കളിയിൽ നാല്‌ പോയിന്റുമായി ഒന്നാമതുള്ള കിവികളുടേത്‌ 1.958. പാകിസ്ഥാൻ (0.927) രണ്ടാമതാണ്‌. ഇന്ത്യയുടേത്‌ 0.883, ഇംഗ്ലണ്ടിന്റെ -0.533. ഡൽഹിയിലെ ബാറ്റിങ്‌ പിച്ചിൽ വലിയ സ്‌കോർ നേടി മുന്നേറാനാകും ഇന്ത്യ ശ്രമിക്കുക.

Top