കാന്‍ബറ: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 10 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 60 റണ്‍സ് നേടിയിട്ടുണ്ട്. 34 റണ്‍സുമായി വാര്‍ണറും 26 റണ്‍സുമായി ഫിഞ്ചുമാണ് ക്രീസില്‍. തോല്‍വിയുടെ പരമ്പരയ്ക്ക് ഇന്നെങ്കിലും തടയിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്, അല്ല പ്രാര്‍ഥനയിലാണ് ഇന്ത്യന്‍ ടീം.
മൂന്നു മല്‍സരത്തിലും ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കു വേണ്ടി ബാറ്റ്‌സ്മാന്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. എങ്കിലും അതിഗംഭീരം എന്നു വിശേഷിപ്പിക്കാനും ആവില്ല. പക്ഷേ, ബോളര്‍മാരുടെ പ്രകടനം നിരാശാജനകമായി. ക്യാച്ച് കൈവിട്ടും റണ്‍സ് വിട്ടുകൊടുത്തും ഫീല്‍ഡര്‍മാര്‍ കൂടി ‘തുണ’ച്ചതോടെ തോല്‍വി അര്‍ഹിച്ച ടീമിനു തന്നെ ലഭിച്ചു. ഇതിന്റെ തുടര്‍ച്ചതന്നെയാണ് ആദ്യ പത്ത് ഓവറിലും കണ്ടത്.
ഈ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ ആദ്യ മല്‍സരമാണ്. ഒരു തവണ ശ്രീലങ്കയ്‌ക്കെതിരെ കളിച്ചിട്ടുണ്ട്. 2007 – 08 സി ബി സീരീസിലെ മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പരാജയം നേരിട്ടു. സച്ചിന്‍, സേവാഗ്, ഗംഭീര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ ഇലവന്‍. മഹേന്ദ്ര സിങ് ധോണി, രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരാണ് അന്നും ഇന്നും ടീമിലുള്ള മൂന്നു പേര്‍.